പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പാലിനും മുട്ടയ്ക്കും വില കുതിക്കുന്നു പോഷകാഹാര വിതരണത്തില്‍ പ്രതിസന്ധി

 

     


 

                                

കണ്ണൂർ:പാലിനും മുട്ടയ്ക്കും വില കുതിച്ചുയർന്നതോടെ അങ്കണവാടികളിലെയും സ്‌കൂളുകളിലെയും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍.

പുതിയ സർക്കാർ അധികാരമേറ്റ ശേഷം സ്‌കൂള്‍ ഉച്ചഭക്ഷണത്തിനുള്ള തുക അഡ്വാൻസായി നല്‍കിയെങ്കിലും വരവുചിലവ് കണക്കില്‍ അദ്ധ്യാപകരുടെ കീശ കാലിയാകുകയാണ്.

മൂന്നു മുതല്‍ ആറു വയസുവരെയുള്ള കുട്ടികള്‍ക്കുള്ള പോഷകാഹാര പദ്ധതിയിലെ പ്രധാന ഘടകമാണ് പാലും മുട്ടയും. അടുത്തിടെ മില്‍മ പാല്‍ വില ലിറ്ററിന് 60 രൂപയായി വർദ്ധിപ്പിച്ചെങ്കിലും സർക്കാർ തുക കൂട്ടിയില്ല. പാലിന് ലിറ്ററിന് 50 രൂപയാണ് സർക്കാർ അനുവദിക്കുന്നത്. ഇത് വർദ്ധിപ്പിക്കണമെന്ന് പ്രധാനാദ്ധ്യാപകർ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. മുട്ടയ്ക്ക് വിപണിയില്‍ നിലവില്‍ 9-10 രൂപയാണ്. സ്‌കൂളുകള്‍ക്ക് സർക്കാർ അനുവദിക്കുന്നതാകട്ടെ 7.50രൂപയും. ഇത് പത്ത് രൂപയായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

വില കൂടിയതോടെ ടെൻഡർ ഏറ്റെടുക്കുന്നതില്‍ വിതരണക്കാർ പിൻമാറുന്ന സാഹചര്യമാണെന്ന് സ്കൂള്‍ അധികൃതർ പറഞ്ഞു. വിതരണച്ചെലവിലെ വർദ്ധന കണക്കിലെടുത്ത് പാല്‍ വിതരണത്തിനുള്ള നിരക്ക് സർക്കാർ പുനഃപരിശോധിക്കണമെന്നതാണ് വിതരണക്കാരുടെയും അദ്ധ്യാപകരുടെയും ആവശ്യം.

പാലിനും മുട്ടയ്ക്കും പുറമെ പച്ചക്കറിക്കും വില കുത്തനെ ഉയരുന്നത് സ്‌കൂളിലെ ഉച്ചഭക്ഷണവിതരണത്തെയും സാരമായി ബാധിക്കുന്നുണ്ട്. മണ്‍സൂണിലെ മഴക്കുറവും ഉത്പാദനകേന്ദ്രങ്ങളില്‍ വിളവെടുപ്പിലുണ്ടായ കാലതാമസവും കാരണമാണ് വില വർദ്ധിക്കുന്നത്. തക്കാളി, കാബേജ്, ക്യാരറ്റ്, ബീൻസ്, കോളി ഫ്ലവർ, ചെറിയുള്ളി, വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയവയ്ക്കാണ് വില ഏറെ വർദ്ധിച്ചത്.




Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.