ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്ന ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി നിർണായക നീക്കവുമായി നാഷണൽ പേയ്മെന്റ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI). യുപിഐ (UPI) ആപ്പുകളിലും ബാങ്ക് ആപ്ലിക്കേഷനുകളിലും ഉപഭോക്താക്കളുടെ ഫോൺ നമ്പറുകൾ മാസ്‌ക് (Mask) ചെയ്യുന്നതിനായുള്ള പ്ലാനുകൾ ബോർഡ് തലത്തിൽ ചർച്ച ചെയ്തുവരികയാണ്.
രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് മേഖലയിൽ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി (Digital Payment Privacy).
ഇന്ത്യയുടെ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ (DPDP) ആക്ട് അനുസരിച്ച് കമ്പനികൾ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും പങ്കുവെക്കുന്നതും നിയന്ത്രിക്കുന്ന നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ബാങ്കുകളുമായും യുപിഐ ആപ്പുകളുമായും ചർച്ചകൾ നടത്തിവരികയാണ്. പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നതോടെ യുപിഐ പ്ലാറ്റ്ഫോമുകൾ ഉപഭോക്താക്കളുടെ യുപിഐ ഐഡി (UPI ID), മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയ സുപ്രധാന വിവരങ്ങൾ മറച്ചുപിടിക്കാൻ നിർബന്ധിതരാകും.
വർദ്ധിച്ചുവരുന്ന ഓൺലൈൻ പേയ്മെൻ്റ് തട്ടിപ്പുകൾ തടയാനും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനും ഈ സ്വകാര്യതാ അപ്ഗ്രേഡ് സഹായിക്കും. ബാങ്കുകളും യുപിഐ ആപ്പ് സേവന ദാതാക്കളും ഘട്ടം ഘട്ടമായി ഇത് നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ്.

