കേരളത്തിൽ മദ്യം വാങ്ങാൻ 23 വയസ്സ് തികയണമെന്ന നിബന്ധന കർശനമാക്കാൻ സർക്കാർ തീരുമാനം. 23 വയസ്സ് എന്ന പരിധി വച്ചിട്ടുണ്ടെങ്കിലും പലപ്പോഴും കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നു മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ മന്ത്രി എം.ബി. രാജേഷാണ് കർശനമാക്കുന്നതു സംബന്ധിച്ചു ശുപാർശ നൽകാൻ എക്സൈസ് കമ്മീഷണറോട് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ കൂടി അംഗീകാരം തേടിയശേഷം മദ്യനയത്തിൽ ഉൾപ്പെടുത്തും.
മുൻപ് മദ്യം വാങ്ങാൻ 18 വയസ്സായിരുന്നത് കെ. ബാബു എക്സൈസ് മന്ത്രിയായിരിക്കെ 21 വയസ്സും ടി.പി. രാമകൃഷ്ണൻ എക്സൈസ് മന്ത്രിയായിരിക്കെ 23 വയസ്സുമായി ഉയർത്തി. എന്നാൽ, ബവ്കോ ഔട്ട്ലെറ്റുകളിലും ബാറുകളിലും പ്രായം സംബന്ധിച്ചു പരിശോധനയൊന്നും നടക്കുന്നില്ല. പ്രായം മനസ്സിലാക്കാനുള്ള പ്രയാസം ജീവനക്കാർക്കുമുണ്ട്. ഈ സാഹചര്യത്തിലാണ് 23 തികയാത്തവർ മദ്യം വാങ്ങുന്നത് കർശനമായി തടയാനുള്ള തീരുമാനം. പ്രായം സംബന്ധിച്ചു സംശയം തോന്നിയാൽ രേഖകൾ ആവശ്യപ്പെടും. രേഖകൾ ഹാജരാക്കിയാൽ മാത്രം മദ്യം നൽകും. തമിഴ്നാട്ടിലും കർണാടകയിലും 21 വയസ്സാണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം.

