പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

നിതിൻ രാജിന്റെ മരണം; പ്രതി റാമിനെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടു

 


കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി ഡോ. എംകെ റാമിനെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ട് തലശ്ശേരി സെഷൻസ് കോടതി. അഞ്ചുദിവസമാണ് കസ്‌റ്റഡി കാലാവധി. ഓഗസ്‌റ്റ് ഒന്നിന് പ്രതിയെ തിരികെ കോടതിയിൽ ഹാജരാക്കണം.

നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ ജാതിയധിക്ഷേപവും മാനസിക പീഡനവും ആരോപിച്ച് റാമിനെതിരെ ആത്‍മഹത്യാപ്രേരണ അടക്കമുള്ള വകുപ്പുകളും എസ്‌സി, എസ്‌ടി അതിക്രമ നിരോധന നിയമവും ഉൾപ്പടെ ചുമത്തി കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഒളിവിൽപ്പോയ റാമിനെ മൂന്നുമാസത്തിന് ശേഷം കുടകിൽ നിന്നാണ് പോലീസ് പിടികൂടിയത്.


എന്നാൽ, നടപടിക്രമങ്ങൾ പാലിക്കാതെയാണ് പ്രതിയുടെ അറസ്‌റ്റെന്ന് ചൂണ്ടിക്കാട്ടി റാമിനെ കോടതി വിട്ടയച്ചിരുന്നു. കോടതിപരിസരത്ത് വെച്ച് വീണ്ടും റാമിനെ കസ്‌റ്റഡിയിലെടുത്ത ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി വിട്ടയക്കുകയായിരുന്നു. പിന്നീട്, തലശ്ശേരി എസ്‌സി, എസ്‌ടി പ്രത്യേക കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് വീണ്ടും അറസ്‌റ്റ് രേഖപ്പെടുത്തിയത്.


പുതുതായി രൂപീകരിച്ച ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിവൈഎസ്‌പി ജോർജിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന് മലപ്പുറം ക്രൈംബ്രാഞ്ച് എസ്‌പി മോഹനചന്ദ്രനാണ് മേൽനോട്ടം വഹിക്കുന്നത്. റാമിനെ വിശദമായി ചോദ്യം ചെയ്യുന്നതിന് പുറമെ കണ്ണൂർ ഡെന്റൽ കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്താനും പദ്ധതിയുണ്ട്.


നിതിൻ രാജിന്റെ മാതാപിതാക്കളുടെയും മറ്റു സാക്ഷികളുടെയും മൊഴികൾ വീണ്ടും രേഖപ്പെടുത്തുമെന്നും അന്വേഷണസംഘം അറിയിച്ചു. ഏപ്രിൽ പത്തിനാണ് തിരുവനന്തപുരം ഉഴമലയ്‌ക്കൽ പുതുക്കുളങ്ങര ചാലക്കാട് തടത്തരികത്തുവീട്ടിൽ രാജൻ- ലത ദമ്പതികളുടെ മകൻ നിതിൻ രാജ് മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്. അധ്യാപകരുടെ ജാതി അധിക്ഷേപത്തെ തുടർന്നാണ് മകൻ ആത്‍മഹത്യ ചെയ്‌തതെന്നാണ്‌ നിതിൻ രാജിന്റെ കുടുംബത്തിന്റെ പരാതി.


നിതിൻ രാജിന്റെ മരണത്തെ തുടർന്ന് ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഒന്നാം പ്രതിയായ ഡോ. റാമിനെയും രണ്ടാം പ്രതിയായ ഡോ. കെടി. സംഗീത നമ്പ്യാരെയും കോളേജ് മാനേജ്മെന്റ് ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു. സംഗീത നമ്പ്യാർ കണ്ണൂർ അസി. പോലീസ് കമ്മീഷണർക്ക് മുന്നിൽ ഹാജരായി മൊഴി നൽകിയിരുന്നു. ഇവർക്ക് മുൻ‌കൂർ ജാമ്യം ലഭിച്ചിരുന്നു.


അതേസമയം, ഓൺലൈൻ ലോൺ ആപ്പുമായി ബന്ധപ്പെട്ട പണമിടപാടാണ് ആത്‍മഹത്യയ്‌ക്കുള്ള പ്രേരണയായതെന്നാണ് ആദ്യം കേസ് അന്വേഷിച്ച പോലീസ് കണ്ടെത്തിയത്. ലോൺ ആപ്പുമായി ബന്ധപ്പെട്ട് നാലുപേരെ നോയിഡയിൽ നിന്ന് അറസ്‌റ്റ് ചെയ്‌തിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.