ഡല്‍ഹി: ഇന്ത്യൻ റെയില്‍വേ ചരിത്രത്തില്‍ ഇന്ന് പുതിയ അധ്യായം. രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.
'നമോ ഗ്രീൻ റെയില്‍' എന്ന് പേരിട്ടിരിക്കുന്ന ട്രെയിൻ ഹരിയാനയിലെ ജിന്ദ്-സോനിപ്പത്ത് റൂട്ടിലാണ് സർവീസ് ആരംഭിച്ചത്.
ഹരിയാനയിലെ ജിന്ദ്, റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയും പങ്കെടുത്തു. ആദ്യ ഹൈഡ്രജൻ ട്രെയിനിലൂടെ ഹരിയാന ചരിത്രത്തില്‍ ഇടം പിടിച്ചതായി പ്രധാനമന്ത്രി ചടങ്ങില്‍ പറഞ്ഞു.
പൂർണമായും പരിസ്ഥിതി സൗഹൃദമാണ് പുതിയ ട്രെയിൻ. ട്രെയിൻ പുറത്തുവിടുന്നത് നീരാവി മാത്രമാണ്. ഇന്ധനമായി ഹൈഡ്രജൻ ഉപയോഗിക്കുന്നതിനാല്‍ കാർബണ്‍ പുറന്തള്ളല്‍ പൂർണമായും ഒഴിവാകും.
ജിന്ദില്‍ നിന്ന് സോനിപ്പത്തിലേക്കും തിരിച്ചുമാണ് ട്രെയിൻ സർവീസ് നടത്തുക. 8 പാസഞ്ചർ ചെയർ കാറുകളും 2 ഡ്രൈവിംഗ് പവർ കാറുകളും ഉള്‍പ്പെടെ ആകെ 10 കോച്ചുകളാണ് ട്രെയിനുള്ളത്. ഒരു സമയം 2600 യാത്രക്കാരെ വരെ വഹിക്കാനുള്ള ശേഷിയുണ്ട്. പരമാവധി 75 കിലോമീറ്റർ വേഗതയിലായിരിക്കും സർവീസ്.
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിലും രാജ്യത്തെ ഇന്ധന-ഊർജ മേഖലകള്‍ പ്രതിസന്ധിയിലായില്ലെന്ന് പ്രധാനമന്ത്രി ചടങ്ങില്‍ ചൂണ്ടിക്കാട്ടി. പകരം ഊർജ മേഖലയില്‍ സ്വയംപര്യാപ്തത നേടാനുള്ള ശ്രമങ്ങള്‍ സർക്കാർ മുന്നോട്ട് കൊണ്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

