കോഴിക്കോട്: ലഹരി വില്‍പ്പന ശൃംഖലയുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് അധ്യാപികമാരെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യല്‍ എഡ്യൂക്കേറ്ററായ കൂരാച്ചുണ്ട് കാപ്പുമുക്ക് സ്വദേശി കാവ്യയും താത്കാലിക കായിക അധ്യാപികയായ മരുതോങ്കര സ്വദേശി കെ.സി.കീർത്തനയുമാണ് പിടിയിലായത്.
അന്വേഷണത്തില്‍ കാവ്യയുടെ ബാങ്ക് അക്കൗണ്ട് വഴി എം.ഡി.എം.എ വില്‍പ്പനയുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നതായി പൊലീസ് കണ്ടെത്തി. ഇതോടെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ആദ്യം പിടിയിലായത് താത്കാലിക കായിക അധ്യാപികയായ കീർത്തനയായിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്പെഷ്യല്‍ എഡ്യൂക്കേറ്ററായ കാവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇരുവരും ഉള്‍പ്പെട്ട സംഘം ജില്ലയിലെ എം.ഡി.എം.എ വിതരണ ശൃംഖല നിയന്ത്രിച്ചിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ലഹരി വാങ്ങാനെത്തുന്നവർ ആദ്യം ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്‌ക്കും. തുടർന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംഘത്തിലെ മറ്റ് അംഗങ്ങള്‍ എം.ഡി.എം.എ ആവശ്യക്കാർക്ക് കൈമാറുന്നതായിരുന്നു പ്രവർത്തനരീതി. പിടിയിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

