പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മാഫിയാ ബന്ധം ഇൻസ്‌റ്റഗ്രാം വഴി, കൂടുതൽ അറസ്‌റ്റുണ്ടാകും; അന്വേഷണത്തിന് എസ്ഐടി

 


വടകര: കോഴിക്കോട് ജില്ലയിലെ വടകരയിൽ ലഹരിമരുന്ന് കേസിൽ അറസ്‌റ്റിലായ അധ്യാപികമാർ മയക്കുമരുന്ന് മാഫിയയിലെ കണ്ണികളുമായി ബന്ധപ്പെട്ടത് ഇൻസ്‌റ്റഗ്രാം വഴിയെന്ന് പോലീസ്. ലഹരിമാഫിയയിലെ ആളുകളാണെന്ന് അറിഞ്ഞുതന്നെയാണ് ഇവർ ബന്ധം സ്‌ഥാപിച്ചതെന്നും പോലീസ് പറഞ്ഞു.

തുടക്കത്തിൽ രണ്ടുപേർക്കും ഇവർ വഴി എംഡിഎംഎ ലഭിച്ചു. പിന്നീട് വിൽപ്പനയിലെ കണ്ണികളായി മാറി. ഇതിന് ഇവർക്ക് കമ്മീഷനും ലഭിച്ചിരുന്നതായാണ് കണ്ടെത്തൽ. ഇത്തരത്തിൽ ലഭിച്ചിരുന്ന പണം ഇവർ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അധ്യാപകർക്ക് പങ്കുണ്ടെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.

ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു. വടകര ഇൻസ്‌പെക്‌ടർ എവി ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാൻ പരിശോധനകളുടെ ഭാഗമായി വടകര പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് അധ്യാപികമാർ അറസ്‌റ്റിലായത്‌.

പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യലിസ്‌റ്റ് അധ്യാപികയായിരുന്ന മരുതോങ്കര സ്വദേശി കീർത്തന, സ്‌പെഷ്യലിസ്‌റ്റ് എജ്യുക്കേറ്റർ കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്‌. സാധാരണ ലഹരി കേസിനപ്പുറം ഈ സംഭവത്തിൽ വലിയൊരു ശൃംഖലയുണ്ടെന്ന് സംശയമുണ്ട്. ഉറവിടം കണ്ടെത്താനുള്ള ശ്രമം ശക്‌തമാക്കുമെന്നും ഇനിയും അറസ്‌റ്റ് ഉണ്ടാകുമെന്നും റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് പറഞ്ഞു.

വടകര പോലീസ് അറസ്‌റ്റ് ചെയ്‌ത ഇരുവരും നിലവിൽ റിമാൻഡിലാണ്. അടുത്ത ദിവസം തന്നെ പോലീസ് ഇവരെ കസ്‌റ്റഡിയിൽ വാങ്ങും. പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യൽ എജ്യുക്കേറ്ററായി കരാർ അടിസ്‌ഥാനത്തിൽ ജോലി ചെയ്‌തിരുന്ന കാവ്യയെ ഇന്നലെ വിദ്യാഭ്യാസ വകുപ്പ് പുറത്താക്കിയിരുന്നു. പേരാമ്പ്ര ബ്ളോക്ക് റിസോഴ്‌സ് കേന്ദ്രത്തിലെ സ്‌പെഷ്യലിസ്‌റ്റ് കായിക അധ്യാപികയായ കീർത്തനയെ അന്നുതന്നെ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടിരുന്നു.

അറസ്‌റ്റിലായ അധ്യാപികമാരുടെ അക്കൗണ്ട് വിവരങ്ങൾ പോലീസ് വിശദമായി പരിശോധിക്കുകയാണ്. കാവ്യ ആർക്കൊക്കെ പണം അയച്ചുവെന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. ആറുമാസമായി ഇവർ എംഡിഎംഎ മാഫിയയ്‌ക്ക് വേണ്ടി അക്കൗണ്ട് വഴി പണം സ്വീകരിക്കാൻ തുടങ്ങിയിട്ട്.

ഇക്കാലയളവിലെ എല്ലാ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. അധ്യാപികമാരായതിനാൽ സംശയിക്കാൻ സാധ്യതയില്ലെന്ന ബലത്തിലാണ് വിൽപ്പനക്കാർ ഇവരെ പണം വാങ്ങാൻ നിയോഗിച്ചത്. ക്യൂആർ കോഡ് വഴിയായിരുന്നു മയക്കുമരുന്ന് വേണ്ടവർ ഇവരുടെ അക്കൗണ്ടിലേക്ക് പണം അയച്ചത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.