പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

‘അമ്മ’യിൽ ആഭ്യന്തര കലഹം; ജോയ് മാത്യുവും ജയൻ ചേർത്തലയും കൈലാഷും രാജിവെച്ചു


കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ വീണ്ടും പൊട്ടിത്തെറി. ആഭ്യന്തര കലഹം രൂക്ഷമായിരിക്കെ മുൻ അംഗങ്ങളായ ജോയ് മാത്യുവും ജയൻ ചേർത്തലയും കൈലാഷും സംഘടനയിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ചു. രാജിക്കത്ത് ഇവർ അമ്മയുടെ ഔദ്യോഗിക ഇ-മെയിലിലേക്ക് അയക്കുകയായിരുന്നു.

അതേസമയം, തന്റെ നിരപരാധിത്വം തെളിയിക്കാതെ രാജിവെക്കില്ലെന്ന നിലപാടിലാണ് സംഘടനാ പ്രസിഡണ്ട് ശ്വേത മേനോൻ. അഡ്‌ഹോക് കമ്മിറ്റി യോഗത്തിന് ശേഷം രമേശ് പിഷാരടിയും കെബി ഗണേഷ് കുമാറും മാദ്ധ്യമങ്ങളെ കണ്ടപ്പോഴാണ്, മുൻ ഭരണസമിതി അംഗങ്ങൾ ആരും തന്നെ ഔദ്യോഗികമായി രാജിക്കത്ത് തന്നിട്ടില്ലെന്ന വിവരം പുറത്തുവിട്ടത്.


ഇതിന് പിന്നാലെ ”താൻ ആരെയും വഞ്ചിച്ചിട്ടില്ല, അമ്മയെ അനാഥമാക്കിയിട്ടുമില്ല. തന്റെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല.” എന്ന ഫേസ്ബുക്ക് പോസ്‌റ്റുമായി ശ്വേത മേനോൻ രംഗത്തെത്തിയിരുന്നു. സംഘടനയെ തകർക്കാനും ഹൈജാക്ക് ചെയ്യാനും ചില നിക്ഷിപ്‌ത താൽപര്യങ്ങൾ ശ്രമിക്കുന്നുണ്ടെന്നും ഭാരവാഹികൾ രാജിവയ്‌ക്കണമെന്ന കൃത്യമായ അജണ്ടയോടെയാണ് ചിലർ ജനറൽ ബോഡി യോഗത്തിന് എത്തിയതെന്നും ശ്വേത ആരോപിച്ചു.

അമ്മയുടെ ബൈലോ പ്രകാരം അഡ്‌ഹോക് കമ്മിറ്റി എന്നൊരു സംവിധാനമില്ല. ഒരു കമ്മിറ്റി പൂർണമായി രാജി വയ്‌ക്കുകയാണെങ്കിൽ പുതിയ തിരഞ്ഞെടുപ്പിലൂടെ മറ്റൊരു ഭരണസമിതി വരുന്നത് വരെ പഴയ കമ്മിറ്റി തന്നെ തുടരേണ്ടതുണ്ട്. മുൻപ് മോഹൻലാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി രാജിവെച്ചപ്പോഴും ഈ രീതിയാണ് പിന്തുടർന്നത്. എന്നാൽ, തങ്ങളുടെ കമ്മിറ്റിയുടെ കാര്യത്തിൽ മാത്രം എന്തുകൊണ്ടാണ് ഈ മാനദണ്ഡം ബാധകമാകാത്തതെന്നും ശ്വേത ചോദിക്കുന്നു.

നിലവിലെ അഡ്‌ഹോക് കമ്മിറ്റിയുടെ യോഗങ്ങളും തീരുമാനങ്ങളും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ശ്വേത മേനോൻ ഉൾപ്പടെയുള്ള ഭരണസമിതി അംഗങ്ങൾ കോടതിയെ സമീപിക്കാനാണ് സാധ്യത. ജോയിന്റ് സെക്രട്ടറി അൻസിബ ഹസൻ നേരത്തെ രാജിവെച്ചിരുന്നു. വൈസ് പ്രസിഡണ്ട് ലക്ഷ്‌മി പ്രിയയും ഔദ്യോഗികമായി രാജി സന്ദേശം അയച്ചിട്ടുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.