തിരുവനന്തപുരം: പൊതിച്ചോര്‍ വിവാദത്തില്‍ മലക്കം മറിഞ്ഞ് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. ആശുപത്രികളില്‍ രോഗികള്‍ക്ക് ആഹാരം സര്‍ക്കാര്‍ കൊടുക്കുന്നതില്‍ എതിരല്ലെന്നും അഭിപ്രായം പറഞ്ഞത് ആലപ്പുഴ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടാണെന്നും കെ മുരളീധരന്‍ വിശദീകരിക്കുന്നു. ആലപ്പുഴയില്‍ സ്ഥലം കയ്യെറി സംഘടനകള്‍ ഭക്ഷണം കൊടുക്കുന്നു എന്നാണ് മന്ത്രിയുടെ പത്രക്കുറിപ്പില്‍ പറയുന്നത്. ആഹാരത്തിന് രാഷ്ട്രീയം ഇല്ലെന്നും മലക്കം മറിച്ചില്‍. അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് മന്ത്രിയുടെ പുതിയ വിശദീകരണം.
ഇപ്പോഴത്തെ വിവാദം ആലപ്പുഴ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടതാണ്. അവിടത്തെ സാഹചര്യത്തിന് അനുസരിച്ചുള്ള തീരുമാനമാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ല. ആലപ്പുഴയില്‍ ചില സംഘടനകള്‍ ഭക്ഷണം നല്‍കുന്നതിന്റെ പേരില്‍ സംഘടിതമായി സ്ഥലം കൈയേറി. ഇത് അംഗീകരിക്കാനാകില്ല. സ്ഥലം കൈയ്യേറിയതിനാണ് എതിര്‍പ്പ്, ആഹാരം കൊടുക്കുന്നതിനല്ല. ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങളെ തടയുന്ന നടപടിയാണിത്. ഈ സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നത്.
ആശുപത്രിയില്‍ മുഴുവന്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കുന്നത്. കമ്മ്യൂണിറ്റി കിച്ചണുമായി എല്ലാവരുടെയും സഹകരണം വേണം. കാരണം ആഹാരത്തിന് രാഷ്ട്രീയമില്ല, മതമില്ല, ജാതിയില്ല. പാവങ്ങള്‍ക്ക് ആഹാരം കിട്ടണമെന്നാണ് സര്‍ക്കാരിന്റെ താത്പര്യം. അത് ആര് കൊടുക്കുന്നു എന്നത് വിഷയമല്ലെന്നും മന്ത്രി കെ.മുരളീധരന്‍ വ്യക്തമാക്കി.
ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാന്‍ പാടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കെ മുരളീധരന്റെ പ്രസ്താവന. ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്നും ഈ പദ്ധതി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ആദ്യം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
പിന്നാലെ കെ മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരേ ഡിവൈഎഫ്ഐ രംഗത്തെത്തി. എല്ലാം മുടക്കുക എന്നുള്ളതാണ് ഭരണപക്ഷത്തിന്റെ രീതിയെന്ന് സംസ്ഥാന പ്രസിഡന്റ് വി വസീഫ് വിമര്‍ശിച്ചു. മെഡിക്കല്‍ കോളജുകളില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ ഇല്ലാത്തതുകൊണ്ടാണ് പദ്ധതിയുമായി ഡിവൈഎഫ്ഐ മുന്നോട്ടുപോകുന്നത്. കൊടിയുടെ നിറം നോക്കി അല്ല തങ്ങള്‍ ഭക്ഷണം നല്‍കുന്നതെന്നും വസീഫ് പറഞ്ഞിരുന്നു.

