സംസ്ഥാനത്ത് ഹാൾമാർക്ക് എച്ച്‌യുഐഡി മുദ്ര പതിച്ച വ്യാജ സ്വർണാഭരണങ്ങളുടെ വ്യാപക വിൽപ്പന നടക്കുന്നതായി കണ്ടെത്തല്‍. ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാകുകയാണെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ഗൂഢസംഘത്തെ കണ്ടെത്തി സമഗ്ര അന്വേഷണം നടത്തണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGSMA) സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസറും ആവശ്യപ്പെട്ടു.
സ്വർണവിലയിൽ ഉണ്ടായ വൻ വർധനവിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള സംഘടിത തട്ടിപ്പുകൾ വ്യാപകമായിരിക്കുന്നത്. കണ്ണൂർ ചക്കരക്കലിൽ വ്യാജ സ്വർണവുമായി തട്ടിപ്പ് നടത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തതും, കോഴിക്കോട് കൊടുവള്ളിയിൽ വ്യാജ സ്വർണം വിൽക്കാനെത്തിയ സംഘം പൊലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടതും ഈ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് നിന്ന് വാങ്ങിയ സ്വർണാഭരണങ്ങൾ കൊൽക്കത്തയിലെ ഒരു ജ്വല്ലറിയിൽ മാറ്റി വാങ്ങി തട്ടിപ്പ് നടത്തിയ സംഭവവും ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

