തളിപ്പറമ്പ്: തളിപ്പറമ്പ് പുഷ്പഗിരിക്ക് സമീപം ചിപ്‌സ് നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചു. വ്യാപാരിയുടെ സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. മണാട്ടി റോഡില്‍ പ്രവര്‍ത്തിക്കുന്ന കായ്ക്കാരന്‍ ചിപ്‌സ് ആന്റ് സ്വീറ്റ് സ്റ്റാളിനാണ് ഇന്നലെ രാത്രി പത്തരയോടെ തീപിടിച്ചത്.
കടപൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്ന തളിപ്പറമ്പ് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രവര്‍ത്തകസമിതി അംഗം കെ.വി.ടി. ഗഫൂര്‍ തീ പിടിക്കുന്നത് കാണുകയും, ഉടന്‍ തന്നെ പ്രസിഡന്റ് കെ.എസ്. റിയാസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് അദ്ദേഹം ഫയര്‍ഫോഴ്‌സിനെ വിളിച്ചു.
നിമിഷങ്ങള്‍ക്കുള്ളില്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. നാട്ടുകാരും വ്യാപാരികളും അഗ്നിശമന സേനയ്ക്കൊപ്പം യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാൽ ആളപായമോ വലിയ നഷ്ടമോ ഇല്ലാതെ തീ അണക്കാൻ കഴിഞ്ഞു. സ്റ്റാളിന്റെ അടുപ്പും സ്റ്റോക്ക് ചെയ്തിരുന്ന ചിപ്‌സ്, ഓയില്‍, മറ്റു ഉപകരണങ്ങള്‍ എന്നിവ കത്തി നശിച്ചു. തീ അണയ്ക്കാൻ അല്പം കൂടി വൈകിയിരുന്നുവെങ്കില്‍ വലിയ ദുരന്തം സംഭവിക്കുമായിരുന്നു.

