പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മാസപ്പടിക്കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇഡി, റിപ്പോർട് നൽകി

 


കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.


മകളും കേസിലെ പ്രതിയുമായ ടി. വീണയുടേത് ഉൾപ്പടെ സ്വത്ത് കണ്ടുകെട്ടുന്നതിന് മുന്നോടിയായി ഡെൽഹിയിലെ  അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. കേസ് അന്വേഷിച്ച കൊച്ചി ഇഡി ഓഫീസാണ് റിപ്പോർട് നൽകിയത്.


ടി വീണയ്‌ക്കും പിണറായി വിജയനും കുരുക്കായാണ് സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മൊഴി. വീണയോ എക്‌സാലോജിക്കോ സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നും പിണറായി വിജയനോടുള്ള വ്യക്‌തിപരമായ അടുപ്പത്തിന്റെ പേരിലാണ് പണം നൽകിയതെന്നുമാണ് കർത്ത ഇഡിക്ക് നൽകിയ മൊഴി. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ശശിധരൻ കർത്ത 2024 ഏപ്രിൽ 17ന് നൽകിയ മൊഴിയാണ് പുറത്തുവന്നത്.


2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലെ ഏകദേശം 2.78 കോടി രൂപയാണ് വീണയ്‌ക്കും എക്‌സാലോജിക്കിനുമായി സിഎംആർഎൽ നൽകിയത്. ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് ഈ പണം കൈമാറിയതെന്ന് ഇഡി കണ്ടെത്തിയിരുന്നു. സേവനങ്ങളൊന്നും നൽകിയിരുന്നില്ലെന്ന കാര്യം വീണ തന്നെ സമ്മതിച്ചിട്ടുണ്ടെന്ന കാര്യവും ഇഡി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.


വീണയ്‌ക്ക് പ്രതിമാസം അഞ്ചുലക്ഷം രൂപയും എക്‌സാലോജിക്കിന് മൂന്നുലക്ഷം രൂപയും എന്ന നിലയിലായിരുന്നു പണമിടപാട്. കൂടാതെ, ശശിധരൻ കർത്തയുടെതന്നെ ഉടമസ്‌ഥതയിലുള്ള മറ്റൊരു പണമിടപാട് സ്‌ഥാപനമായ എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്‌റ്റ്‌മെന്റ്സിൽ നിന്ന് 50 ലക്ഷം രൂപയുടെ ലോണും നൽകിയിരുന്നെന്നും മൊഴിയിൽ പറയുന്നു.

കർത്തയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ ആയിരിക്കും പിണറായി വിജയനെ ചോദ്യം ചെയ്യുക. അതേസമയം, തന്നോടുള്ള അടുപ്പം കാരണമാണ് എക്‌സാലോജിക്കിന് കരാർ നൽകിയതെന്ന കർത്തയുടെ മൊഴി മാദ്ധ്യമ സൃഷ്‌ടിയാണെന്നാണ് പിണറായി വിജയന്റെ പ്രതികരണം. ഇഡി അന്വേഷണം എങ്ങനെയെങ്കിലും തന്നിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.