കണ്ണൂര്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നര വയസുകാരന്‍ മരിച്ച സംഭവത്തില്‍, മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ പാനല്‍ ചികിത്സാ രേഖകള്‍ പരിശോധിക്കും. ഒന്നര വയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടേഴ്‌സിന് വീഴ്ച്ച സംഭവിച്ചതായി പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ജനറല്‍ അനസ്തേഷ്യ നല്‍കിയത് മരണത്തിലേക്ക് നയിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോര്‍ട്ട്.
ശസ്ത്രക്രിയ നടത്തേണ്ട മുറിവ് ദേവന്‍ ശൗര്യയുടെ ശരീരത്തില്‍ ഉണ്ടായിരുന്നില്ലെന്നും പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അനസ്തേഷ്യ നല്‍കിയപ്പോള്‍ ബ്രെയിനിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടു. 10 മിനിറ്റിനുള്ളില്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു വന്നതായും പരിയാരത്ത് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മുഖത്തെ പരിക്ക് സാരമുള്ളത് ആയിരുന്നില്ല. അനസ്തീഷ്യ നല്‍കേണ്ട സാഹചര്യം ഇല്ലായിരുന്നു.
അതേസമയം മറ്റു സാഹചര്യങ്ങള്‍ കൊണ്ടും മസ്തിഷ്‌ക മരണം സംഭവിക്കാം. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തന്‍ കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ കോഴിക്കോട്ടെ ലാബില്‍ പരിശോധിക്കും. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും,ആശുപത്രിയില്‍ നല്‍കിയ ചികിത്സയും മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചു റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് നല്‍കും. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തില്‍ ആകും കേസ് അന്വേഷണം. മൂന്ന് ഡോക്ടേഴ്‌സിന്റേയും ഫോണ്‍ സ്വിച്ച് ഓഫെന്ന് ആണ് പോലീസ് പറയുന്നത്.

