കൊച്ചി: കൈവശമുള്ള ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ നടന്‍ മോഹന്‍ലാല്‍. ഇതുസംബന്ധിച്ച് വനംവകുപ്പിന് അപേക്ഷ നല്‍കി. ഹൈക്കോടതിയുടെ നിരീക്ഷണത്തെത്തുടര്‍ന്ന് വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ചാണ് മോഹന്‍ലാല്‍ തന്റെ കൈവശമുള്ള ആനക്കൊമ്പ് സറണ്ടര്‍ ചെയ്യാന്‍ ഒരുങ്ങുന്നത്. മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (ഡിഎഫ്ഒ) പി. കാര്‍ത്തിക് ഐഎഫ്എസിന് കഴിഞ്ഞ മാര്‍ച്ചിലാണ് അപേക്ഷ നല്‍കിയത്. ഇത് തുടര്‍നടപടികള്‍ക്കായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കൈമാറി. അപേക്ഷയ്ക്ക് പിന്നാലെ വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൊച്ചിയിലെ മോഹന്‍ലാലിന്റെ വസതിയിലെത്തി അന്വേഷണം നടത്തി. 2011 ഓഗസ്റ്റിലാണ് മോഹന്‍ലാലിന്റെ എറണാകുളം തേവരയിലുള്ള വീട്ടില്‍നിന്ന് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ഈ കേസ് പിന്നീട് വനംവകുപ്പിന് കൈമാറുകയായിരുന്നു.
ഇതിനിടെ സര്‍ക്കാര്‍ ആനക്കൊമ്പുകളുടെയും മറ്റ് കരകൗശല വസ്തുക്കളുടെയും ഉടമസ്ഥത മോഹന്‍ലാലിന് അനുവദിച്ച് 2016-ല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മോഹന്‍ലാലിന്റെ കൈവശമുള്ള രണ്ടു ജോഡി ആനക്കൊമ്പുകള്‍ക്കും ആനക്കൊമ്പില്‍ തീര്‍ത്ത 13 കരകൗശലവസ്തുക്കള്‍ക്കും ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ചല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് വിലയിരുത്തിയാണ് കോടതി നടപടി. വന്യജീവി സംരക്ഷണ നയിമത്തിലെ 40(4) വകുപ്പ് പ്രകാരം ഇക്കാര്യത്തില്‍ സര്‍ക്കാരിന് വീണ്ടും വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സ്വാതന്ത്രമുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. വ്യക്തികള്‍ക്കോ ഒരുവിഭാഗം ആളുകള്‍ക്കോ തങ്ങളുടെ കൈവശമുള്ള വന്യജീവി ഉല്‍പന്നങ്ങളുടെ ശേഖരം വെളിപ്പെടുത്തുന്നതിനും നിയമനടപടികളില്‍ നിന്ന് പരിരക്ഷ നേടുന്നതിനുമായി സംസ്ഥാന സര്‍ക്കാരിന് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാമെന്നായിരുന്നു കോടതി അന്ന് നിരീക്ഷിച്ചത്.

