പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കഴുതവളര്‍ത്തലുമായി 22കാരൻ, പാല്‍ ലിറ്ററിന് 6000 രൂപ; സൗന്ദര്യവര്‍ദ്ധക സോപ്പിന് ഏറെ ഡിമാന്റെന്ന് കണ്ണൂരുകാരൻ

 



കണ്ണൂർ: പ്രൊഫഷണല്‍ ജോലിതേടി പോകാതെ കൃഷിയെ കൂട്ടുപിടിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കേരളത്തില്‍ വർദ്ധിക്കുകയാണ്.ഇവരില്‍തന്നെ വ്യത്യസ്തമായി ചിന്തിച്ച്‌ വേറിട്ട കൃഷിയിലൂടെ പണം സമ്പാദിക്കുകയാണ് കണ്ണൂരുകാരനായ ഒരു 22കാരൻ. കേരളത്തില്‍ വലിയ പ്രചാരത്തിലില്ലാത്ത കഴുത വളർത്തലാണ് യദുകൃഷ്ണൻ തിരഞ്ഞെടുത്തിരിക്കുന്നത്. കഴുതപ്പാലില്‍ നിന്ന് ഗുണമേന്മയേറിയ സൗന്ദര്യവർദ്ധക സോപ്പുകള്‍ നിർമിക്കുന്ന കമ്പനി ഉടമയാണ് കണ്ണൂർ ചൊക്ളി ഒളവില സ്വദേശി യദു.

കല്‍പ്പറ്റ മുണ്ടേരി വിഎച്ച്‌എസ്‌എസില്‍ നിന്ന് ലൈവ് സ്റ്റോക്ക് ആന്റ് ഡയറി ഫാം പഠിച്ചിറങ്ങിയതിനുശേഷമാണ് കഴുതവളർത്തല്‍ എന്ന ആശയം യദുവിന്റെ മനസിലുദിച്ചത്. മാതാപിതാക്കള്‍ കർഷകരായതിനാല്‍ ആ പാത തന്നെ യദു സ്വീകരിക്കുകായിരുന്നു. വീട്ടില്‍ പശുവളർത്തലുണ്ട്. ഏത് പാലിനാണ് വിലകൂടുതലെന്നും ഡിമാന്റെന്നും യദു അന്വേഷിച്ചു. ഇതിനെക്കുറിച്ച്‌ കൂടുതല്‍ പഠിക്കാനായി ഇന്റർനെറ്റിന്റെ സഹായം തേടി. തുടർന്നാണ് കഴുതപ്പാല്‍ എന്ന സംരംഭത്തിലെത്തിയത്. ക‌ർണാടകയിലെയും ആന്ധ്രയിലെയും കഴുതഫാമുകള്‍ സന്ദർശിച്ചും കൃഷിരീതികള്‍ പഠിച്ചു. തുടർന്ന് കർഷകനായ അച്ഛന്റെ സഹായത്തോടെ കഴുതകളെ വാങ്ങി.

രണ്ടുവർഷം മുൻപ് ഗ്രാമീണ്‍ ബാങ്കിന്റെ സഹായത്തോടെ 'മിറാക്കിള്‍ ഡോങ്കീസ്' എന്ന പേരില്‍ ഫാം ആരംഭിച്ചു. മലബാറിലെതന്നെ ആദ്യത്തെ കഴുത ഫാം ആണിത്. ഒരു ഡസൻ കഴുതകളെയാണ് ആദ്യം വാങ്ങിയത്. നിലവില്‍ കറവയുള്ള രണ്ട് കഴുതകളാണ് ഫാമിലുള്ളത്. ആറായിരം രൂപയാണ് ഒരു ലിറ്റർ കഴുതപ്പാലിന് വില. യദുവിന്റെ ഫാമില്‍ കഴുതപ്പാല്‍ വില്‍ക്കുന്നില്ല. പകരം പാല്‍കൊണ്ട് വിവിധതരം സൗന്ദര്യവർദ്ധക സോപ്പുകളാണ് നിർമിക്കുന്നത്. അലർജിക്കും മറ്റ് ചർമരോഗങ്ങള്‍ക്കും ഏറെ ഫലപ്രദമാണെന്ന് മനസിലാക്കിയാണ് ഐഎസ്‌ഒ, ജിഎംപി സർട്ടിഫിക്കറ്റുകളോടെ യദു സോപ്പുനിർമാണവും വില്പനയും ആരംഭിച്ചത്.

ഓണ്‍ലൈനിലൂടെയാണ് ഏറെയും വില്‍പന. മാസത്തില്‍ കുറഞ്ഞത് 15 സോപ്പുകളെങ്കിലും വിറ്റുപോകാറുണ്ട്. മഞ്ഞള്‍, തേൻ, തുളസി, വേപ്പില, കറ്റാർവാഴ, റോസ്‌മേരി എന്നിവകൊണ്ട് തയ്യാറാക്കിയ മൂന്നിനം സോപ്പുകളാണ് മിറാക്കിള്‍ ഡോങ്കീസ് വില്‍ക്കുന്നത്. 125 ഗ്രാമിന്റെ സോപ്പാണ് വില്‍ക്കുന്നത്. ഇതില്‍ കൃത്രിമമായ നിറമോ രാസവസ്തുക്കളോ ചേർക്കുന്നില്ലെന്നും കഴുതപ്പാല്‍ കോള്‍ഡ് പ്രൊസസ് ചെയ്താണ് സോപ്പ് നിർമിക്കുന്നതെന്നും യദു വ്യക്തമാക്കി. പയ്യന്നൂരിലെ ഉദയം സൂര്യഗാന്ധി പ്രോഡക്‌ട് എന്ന കമ്പനിയുടെ സഹകരണത്തോടെയാണ് സോപ്പുകള്‍ നി‌ർമിക്കുന്നത്. ദിവസം മൂന്നുലക്ഷം സോപ്പുകള്‍ വരെ ഇവിടെ നിർമിക്കാൻ സാധിക്കുമെന്ന് യദു പറഞ്ഞു. ഒരു സോപ്പിന് 600 രൂപയാണ് വില. ഡിസ്‌കൗണ്ടോടെ 499 രൂപയ്ക്കാണ് മിറാക്കിള്‍ ഡോങ്കീസ് സോപ്പ് വില്‍ക്കുന്നത്. ബിസിനസ് പൂർണമായും ഒറ്റയ്ക്കാണ് ചെയ്യുന്നതെങ്കിലും അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ പൂർണ പിന്തുണയുണ്ടെന്ന് യദു പറഞ്ഞു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.