തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ ഇരിക്കൂർ മണ്ഡലത്തിനും ശ്രീകണ്ഠപുരത്തിനും നേട്ടം. ഏറെ നാളത്തെ മുറവിളിക്കൊടുവിൽ ശ്രീകണ്ഠപുരത്ത് ഫയർ സ്റ്റേഷൻ അനുവദിച്ചു. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന പ്രദേശങ്ങളിലൊന്നാണ് ശ്രീകണ്ഠപുരം. കാലങ്ങളായി ഫയർ സ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും ആരും പരിഗണിച്ചിരുന്നില്ല. സജീവ് ജോസഫ് എം.എൽ.എയുടെ നിരന്തര ഇടപെടലുകളെ തുടർന്നുമാണ് ഇപ്പോൾ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ അനുവദിച്ചത്.
മലയോര മേഖലയായതിനാൽ നിരവധി പുഴകളും കുന്നുകളും ഉൾപ്പെടുന്ന പ്രദേശമാണിത്. പലപ്പോഴും രക്ഷാപ്രവർത്തനത്തിനായി ഏറെ അകലെയുള്ള തളിപ്പറമ്പ്, കണ്ണൂർ, മട്ടന്നൂർ, ഇരിട്ടി ഫയർ സ്റ്റേഷനുകളെയാണ് മലയോര മേഖല ആശ്രയിക്കാറുള്ളത്. ഉദ്യോഗസ്ഥർ കുതിച്ചെത്തുമ്പോഴേക്കും അപകടത്തിൽപ്പെട്ടയാൾ മരണപ്പെടുന്ന അവസ്ഥ വരെ ഉണ്ടാകാറുണ്ട്. ആലക്കോട് ഉൾപ്പെടെയുള്ള പ്രദേശങ്ങൾക്കും ശ്രീകണ്ഠപുരത്ത് ഫയർ സ്റ്റേഷൻ വരുന്നത് ഏറെ ഉപകാരപ്പെടും.
മണ്ഡലത്തിന്റെ സിരാകേന്ദ്രമായതിനാലാണ് ശ്രീകണ്ഠപുരത്ത് സ്റ്റേഷൻ അനുവദിച്ചത്. കൊട്ടൂർവയലിൽ നഗരസഭയുടെ ഏക്കറുകണക്കിന് ഭൂമിയും ഉപയോഗിക്കാത്ത കെട്ടിടവും സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ ഫയർ സ്റ്റേഷൻ നിർമ്മിക്കാനാണ് സാധ്യത.

