തിരുവനന്തപുരം : ജൂൺ മാസത്തിലെ പൗർണചന്ദ്രനായ 'സ്‌ട്രോബെറി മൂൺ' ഇന്ന് വൈകീട്ട് ആകാശത്ത് ദൃശ്യമാകും. പേരുകേട്ട് ചന്ദ്രൻ ചുവപ്പോ പിങ്ക് നിറത്തിലോ കാണുമെന്ന് പലരും കരുതുമെങ്കിലും, ഇത് ഒരു പ്രത്യേക നിറമുള്ള ചന്ദ്രനല്ല. വടക്കേ അമേരിക്കയിലെ തദ്ദേശീയ ഗോത്രവർഗങ്ങൾ സ്‌ട്രോബെറി വിളവെടുപ്പ് കാലത്തെ സൂചിപ്പിക്കാനായി ജൂണിലെ പൗർണചന്ദ്രന് നൽകിയ പേരാണ് 'സ്‌ട്രോബെറി മൂൺ'.
ഈ വർഷം ഉത്തരാർധഗോളത്തിൽ ചന്ദ്രൻ സാധാരണയേക്കാൾ താഴ്ന്ന പാതയിലൂടെ സഞ്ചരിക്കുന്നതിനാൽ ചക്രവാളത്തോട് ചേർന്ന് കൂടുതൽ വലുതായും സ്വർണനിറമോ ഓറഞ്ച് നിറമോ കലർന്നതായും അനുഭവപ്പെടും. ഇത് ചന്ദ്രന്റെ യഥാർഥ നിറത്തിലോ വലിപ്പത്തിലോ ഉള്ള മാറ്റമല്ല; ഭൂമിയുടെ അന്തരീക്ഷത്തിലൂടെ പ്രകാശം സഞ്ചരിക്കുന്നതിനാൽ ഉണ്ടാകുന്ന ദൃശ്യപ്രതിഭാസമാണ്.
ഇന്ത്യൻ സമയം പ്രകാരം ഇന്ന് വൈകീട്ട് 7.57-നാണ് സ്‌ട്രോബെറി മൂൺ പൂർണപ്രകാശത്തിലെത്തുക. ചന്ദ്രോദയത്തിന് പിന്നാലെ തന്നെ ഈ അപൂർവ ദൃശ്യം ആസ്വദിക്കാനാകും. നഗരവെളിച്ചം കുറവുള്ളതും കിഴക്കൻ ചക്രവാളം വ്യക്തമായി കാണാവുന്നതുമായ സ്ഥലങ്ങൾ നിരീക്ഷണത്തിന് ഏറ്റവും അനുയോജ്യമാണ്.
ജ്യോതിശാസ്ത്ര പ്രേമികൾക്കും ഫോട്ടോഗ്രാഫർമാർക്കും വർഷത്തിലെ ഏറ്റവും മനോഹരമായ പൗർണചന്ദ്ര ദൃശ്യങ്ങളിലൊന്ന് പകർത്താനുള്ള മികച്ച അവസരമാണ് ഇത്തവണത്തെ സ്‌ട്രോബെറി മൂൺ.

