കോഴിക്കോട് ജില്ലയില്‍ കുട്ടികളില്‍ കാണപ്പെടുന്ന അപൂർവ രോഗമായ കവാസാക്കി സ്ഥിരീകരിച്ചു. കടലൂർ സ്വദേശിനിയായ ഒമ്പത് വയസ്സുകാരി ആയിഷ ഹെല്‍നയുടെ മരണം കവാസാക്കി രോഗം മൂലമാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതർ അറിയിച്ചു.
രോഗം പകർച്ചവ്യാധിയല്ലെന്നും പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയുടെ രോഗലക്ഷണങ്ങള്‍ കവാസാക്കിയുടേത് എന്ന് കണ്ടെത്തിയതിന് പിന്നാലെ ചികിത്സയും നല്‍കി. എന്നാല്‍ ജീവൻ രക്ഷിക്കാനായില്ല.
അഞ്ചുദിവസത്തിലധികം നീളുന്ന പനി ഉണ്ടെങ്കില്‍ ശ്രദ്ധ വേണം. പനി, ജലദോഷം, വയറിളക്കം എന്നിവയ്ക്ക് പുറമേ നാക്കും, കണ്ണും ചുവന്നുപോകുന്ന അവസ്ഥ, കഴുത്തുവീക്കം, ശരീരത്തിലെ നീർക്കെട്ട് എന്നിവയാണ് ലക്ഷണങ്ങള്‍. രക്ത പരിശോധനയിലൂടെയോ, ഏതെങ്കിലും തരത്തിലുള്ള ടെസ്റ്റുകളിലൂടെയോ രോഗം കണ്ടുപിടിക്കാൻ കഴിയില്ല. രോഗലക്ഷണങ്ങള്‍ മനസ്സിലാക്കി മാത്രമേ രോഗം കണ്ടെത്താൻ കഴിയൂ. പനി മൂർച്ഛിച്ച് ഹൃദയധമനികളുടെ പ്രവർത്തനം നിലച്ച് പൊട്ടിപ്പോകുന്നതാണ് കവാസാക്കിയുടെ അപകടാവസ്ഥയെന്നും ഡോക്ടർമാർ പറയുന്നു

