തെക്കു പടിഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ തൃശൂർ വരെ ശക്‌തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
കേരള തീരത്ത് മൽസ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. വരും ദിവസങ്ങളിലും മഴ ശക്‌തമാകും. നാളെ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടും തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്.
കാലവർഷത്തിനൊപ്പം തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ്, തമിഴ്‌നാട് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങൾ, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ (തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ബാക്കി ഭാഗങ്ങൾ, വടക്കുകിഴക്കൻ, മധ്യ-കിഴക്കൻ, മധ്യ- പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ ഭാഗങ്ങൾ ഉൾപ്പടെ) കാലവർഷം വ്യാപിക്കാനാണ് സാധ്യത. തെക്കൻ കേരള തീരത്തോട് ചേർന്ന് തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.
പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദ്ദേശം
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്‌ഥലങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ദുരന്തസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്ന് ഉറപ്പാക്കണമെന്നും പകൽ സമയത്ത് തന്നെ അങ്ങോട്ടേക്ക് മാറി താമസിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പിൽ പറയുന്നു.

