പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ട്രെയിനുകളില്‍ ടിക്കറ്റില്ലാ യാത്രക്കാര്‍ക്ക് പിടിവീഴും; ടിടിഇമാരുടെ പിഴ ടാര്‍ജറ്റ് കുത്തനെ കൂട്ടി റെയില്‍വേ

 


പയ്യന്നൂർ: തീവണ്ടികളിലെ ടിക്കറ്റില്ലാ യാത്രക്കാരെ കണ്ടെത്താൻ കർശന നടപടികളുമായി ഇന്ത്യൻ റെയില്‍വേ. റെയില്‍വേയുടെ വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് പരിശോധകർക്കും (TTE) സ്ക്വാഡിനും പുതിയ പ്രതിമാസ പിഴ ടാർജറ്റ് നിശ്ചയിച്ചു നല്‍കി.

ഇതോടെ വരും ദിവസങ്ങളില്‍ ട്രെയിനുകളില്‍ പരിശോധന കടുക്കുമെന്നുറപ്പായി.

പിഴ ലക്ഷ്യം 2.5 മടങ്ങ് വർധിപ്പിച്ചു

നിലവിലെ മാനദണ്ഡങ്ങള്‍ പൊളിച്ചെഴുതിക്കൊണ്ടാണ് റെയില്‍വേ പുതിയ നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. പാലക്കാട് ഡിവിഷനിലെ പ്രധാന മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്:

പ്രതിമാസ ടാർജറ്റ്: നിലവില്‍ സ്ലീപ്പർ കോച്ചുകളുടെ ചുമതലയുള്ള ഒരു ടിടിഇ ഒരു മാസം സമാഹരിക്കേണ്ടിയിരുന്ന 10,000 രൂപ, ഇനി മുതല്‍ 25,000 രൂപയായി ഉയർത്തി.

വാർഷിക ലക്ഷ്യം: പിഴ ഈടാക്കലിലൂടെ മാത്രം വർഷത്തില്‍ 27 കോടി രൂപ കണ്ടെത്താനാണ് ഡിവിഷന്റെ ഏകദേശ ലക്ഷ്യം.

യാത്രാമധ്യേയുള്ള സീറ്റ്/ബർത്ത് മാറ്റത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന് പുറമെയാണിത്.ഇതിനൊപ്പം പിഴ നിരക്കുകളിലും നേരിയ വർധനവ് വരുത്തിയിട്ടുണ്ട്.കോച്ച്‌ മാറി കയറിയാലും 'പിഴപ്പൂട്ടില്‍' വീഴും.

ഇനി മുതല്‍ യാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ വീഴ്ചകള്‍ക്ക് പോലും കനത്ത പിഴ ഒടുക്കേണ്ടി വരും.യാത്ര ചെയ്യുന്ന കിലോമീറ്ററിന് അനുസരിച്ചായിരിക്കും പിഴത്തുക ഈടാക്കുക.

സീസണ്‍ ടിക്കറ്റുകാർ സ്ലീപ്പർ കോച്ചുകളില്‍ (ഡി-റിസർവ്ഡ് കോച്ചുകള്‍ ഒഴികെ) കയറി യാത്ര ചെയ്താല്‍ ടിക്കറ്റില്ലാ യാത്രയായി കണക്കാക്കി പിഴ ചുമത്തും.

ജനറല്‍ ടിക്കറ്റെടുത്ത് കോച്ച്‌ മാറി കയറുന്നവർ ഉള്‍പ്പെടെയുള്ള നിസ്സാര കാര്യങ്ങള്‍ക്ക് വരെ പിഴ ഈടാക്കാൻ സ്ക്വാഡിന് നിർദേശമുണ്ട്.

യൂണിയനുകളുടെ മുന്നറിയിപ്പ്: ഇത്തരം കർശനമായ ടാർജറ്റുകള്‍ മുൻപോട്ട് വെക്കുന്നത് ട്രെയിനുകള്‍ക്കുള്ളില്‍ പരിശോധകരും യാത്രക്കാരും തമ്മില്‍ വലിയ രീതിയിലുള്ള തർക്കങ്ങള്‍ക്കും സംഘർഷങ്ങള്‍ക്കും കാരണമാകുമെന്ന് റെയില്‍വേ യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.