പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

എല്‍പിജി സിലിണ്ടര്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക; ജൂണ്‍ 30നകം ഇക്കാര്യം ചെയ്തില്ലെങ്കില്‍ പാചകവാതക സബ്‌സിഡി മുടങ്ങും

 


പ്രധാനമന്ത്രി ഉജ്ജ്വല യോജന (പി എം യു വൈ) ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ രാജ്യത്തെ എല്‍പിജി പാചകവാതക ഉപഭോക്താക്കള്‍ 2026 ജൂണ്‍ 30നകം തങ്ങളുടെ ഇ കെവൈസി (eKYC) പ്രക്രിയ പൂർത്തിയാക്കണമെന്ന് നിർദേശം.

നിശ്ചിത സമയത്തിനകം ഇ കെവൈസി പൂർത്തിയാക്കാത്ത പക്ഷം ഇൻഡെയ്ൻ ഗ്യാസ്, ഭാരത് ഗ്യാസ്, എച്ച്‌ പി ഗ്യാസ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പാചകവാതക സബ്‌സിഡി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

അമേരിക്കയും ഇസ്റാഈലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിനെ തുടർന്ന് ആഗോള എണ്ണ-വാതക ഗതാഗതത്തിന്റെ 20 ശതമാനവും കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് ഉണ്ടായ എല്‍പിജി വിതരണ ക്ഷാമം പരിഹരിക്കുന്നതിനായി സർക്കാർ നിരവധി ചട്ടങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് എല്‍പിജിക്ക് ആധാർ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷൻ നിർബന്ധമാക്കിയത്.


കഴിഞ്ഞ മാർച്ചില്‍ പി എം യു വൈ ഗുണഭോക്താക്കള്‍ക്ക് ആധാർ അധിഷ്ഠിത പരിശോധന സർക്കാർ നിർബന്ധമാക്കിയിരുന്നു. നിലവില്‍ ഇ കെവൈസി പൂർത്തിയാക്കാത്ത ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ നിർദേശം ബാധകമാകുകയെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മുൻപ് ഇ കെവൈസി പൂർത്തിയാക്കിയ പി എം യു വൈ ഇതര ഉപഭോക്താക്കള്‍ ഇത് വീണ്ടും ചെയ്യേണ്ടതില്ല.


*എങ്ങനെ ഇ കെവൈസി ചെയ്യാം?*


ഉപഭോക്താക്കള്‍ക്ക് ലളിതവും സുരക്ഷിതവുമായി തികച്ചും സൗജന്യമായി ഈ പ്രക്രിയ പൂർത്തിയാക്കാവുന്നതാണ്. ഇന്ത്യൻ ഓയില്‍ വണ്‍ ആപ്പ് വഴിയോ അതത് ഗ്യാസ് ഡിസ്ട്രിബ്യൂട്ടർമാർ വഴിയോ എല്‍പിജി ഡെലിവറി ജീവനക്കാർ വഴിയോ ഇ കെവൈസി ചെയ്യാം.

വീട്ടിലിരുന്ന് തന്നെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി ആധാർ അധിഷ്ഠിത ഫേസ് ബയോമെട്രിക് പരിശോധന നടത്തുന്നതിനുള്ള വിവരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

ഇൻഡെയ്ൻ ഗ്യാസ് ഉപഭോക്താക്കള്‍ക്ക് ഇന്ത്യൻ ഓയില്‍ വണ്‍ ആപ്പും ആധാർ ഫേസ് ആർ ഡി ആപ്പും വഴിയും, ഭാരത് ഗ്യാസ് ഉപഭോക്താക്കള്‍ക്ക് ഹലോ ബി പി സി എല്‍ ആപ്പ് വഴിയും, എച്ച്‌ പി ഗ്യാസ് ഉപഭോക്താക്കള്‍ക്ക് എച്ച്‌ പി പേ ആപ്പ് വഴിയും ഇ കെവൈസി നടപടികള്‍ പൂർത്തിയാക്കാൻ സാധിക്കും.


*ഇൻഡെയ്ൻ ഗ്യാസ് (Indane Gas) ഇ കെവൈസി ചെയ്യുന്ന വിധം*


ഘട്ടം 1: നിങ്ങളുടെ മൊബൈലില്‍ (ആൻഡ്രോയിഡ് അല്ലെങ്കില്‍ ഐ ഒ എസ്) ഗ്യാസ് സേവനങ്ങള്‍ക്കായുള്ള 'IndianOil One' ആപ്പും, സുരക്ഷിതമായ ഫേസ് സ്കാനിങ്ങിനായി 'AadhaarFaceRD' ആപ്പും ഡൗണ്‍ലോഡ് ചെയ്യുക.


ഘട്ടം 2: IndianOil One ആപ്പ് ഓപ്പണ്‍ ചെയ്ത ശേഷം, ഗ്യാസ് കണക്ഷനുമായി രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും നല്‍കി സൈൻ അപ്പ് (Sign up) ചെയ്യുക.


ഘട്ടം 3: നിങ്ങളുടെ ക്യാഷ് മെമ്മോയിലോ സബ്‌സ്‌ക്രിപ്ഷൻ വൗച്ചറിലോ ഉള്ള 16 അക്ക എല്‍പിജി ഐഡി (LPG ID) ലിങ്ക് ചെയ്യുക. ഇതോടെ നിങ്ങളുടെ ഉപഭോക്തൃ വിവരങ്ങള്‍ സ്ക്രീനില്‍ തെളിയും.


ഘട്ടം 4: ആപ്പിന്റെ ഹോം സ്ക്രീനിലുള്ള 'My Profile' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.


ഘട്ടം 5: ഇവിടെ നിങ്ങളുടെ എല്‍പിജി വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം 'e-KYC' എന്നതില്‍ ടാപ്പ് ചെയ്യുക.


ഘട്ടം 6: സ്ക്രീനില്‍ കാണിക്കുന്ന നിർദേശങ്ങളും നിബന്ധനകളും ശ്രദ്ധിച്ച്‌ വായിച്ച ശേഷം സമ്മതം (Consent) നല്‍കുക.


ഘട്ടം 7: ഫേസ് ഓതന്റിക്കേഷൻ അഡ്വൈസറി പേജിലെ ടിക് ബോക്സ് സെലക്‌ട് ചെയ്ത ശേഷം 'Face Scan' ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഫേസ് ബയോമെട്രിക് പരിശോധന പൂർത്തിയാക്കുക. (ശ്രദ്ധിക്കുക: നിങ്ങളുടെ ആധാർ ബയോമെട്രിക് ലോക്ക് ചെയ്തിട്ടുണ്ടെങ്കില്‍ ഈ പ്രക്രിയയ്ക്ക് മുൻപായി അത് അണ്‍ലോക്ക് ചെയ്യേണ്ടതാണ്).


*ഭാരത് ഗ്യാസ് (Bharat Gas) ഇ കെവൈസി ചെയ്യുന്ന വിധം*


ഘട്ടം 1: ഭാരത് ഗ്യാസ് ഉപഭോക്താക്കള്‍ തങ്ങളുടെ മൊബൈലില്‍ 'Hello BPCL' ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.


ഘട്ടം 2: ആപ്പ് ഓപ്പണ്‍ ചെയ്ത ശേഷം ആവശ്യമായ വിവരങ്ങള്‍ നല്‍കി രജിസ്റ്റർ ചെയ്യുക.


ഘട്ടം 3: ആപ്പിന്റെ ഹോംപേജില്‍ കാണുന്ന 'e-KYC' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.


ഘട്ടം 4: ഇ കെവൈസി ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നുവരുന്ന പേജില്‍, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് വരുന്ന 6 അക്ക ഒടിപി (OTP) നല്‍കി വെരിഫിക്കേഷൻ പൂർത്തിയാക്കുക.

ഘട്ടം 5: വെരിഫിക്കേഷന് ശേഷം സ്ക്രീനില്‍ കാണിക്കുന്ന നിബന്ധനകള്‍ വായിച്ച്‌ സമ്മതം നല്‍കുക.

ഘട്ടം 6: തുടർന്ന് 'Proceed' ബട്ടണില്‍ ക്ലിക്ക് ചെയ്ത് നടപടികള്‍ പൂർത്തിയാക്കുക.


*എച്ച്‌ പി ഗ്യാസ് (HP Gas) ഇ കെവൈസി ചെയ്യുന്ന വിധം*


ഘട്ടം 1: എച്ച്‌ പി ഗ്യാസ് ഉപഭോക്താക്കള്‍ 'HP Pay' ആപ്പും ഒപ്പം 'Aadhaar FaceRD' ആപ്പും ഡൗണ്‍ലോഡ് ചെയ്യുക.

ഘട്ടം 2: HP Pay ആപ്പ് ഓപ്പണ്‍ ചെയ്ത് 'Register' ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് എച്ച്‌ പി ഗ്യാസ് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പർ നല്‍കുക.

ഘട്ടം 3: നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി (OTP) ടൈപ്പ് ചെയ്ത് വെരിഫിക്കേഷൻ നടത്തുക.

ഘട്ടം 4: ഭാവിയില്‍ ആപ്പ് എളുപ്പത്തില്‍ തുറക്കുന്നതിനായി ഒരു 4 അക്ക എംപിൻ (MPIN) സെറ്റ് ചെയ്യുക.

ഘട്ടം 5: ഈ എംപിൻ ഉപയോഗിച്ച്‌ ആപ്പിലേക്ക് ലോഗിൻ ചെയ്യുക, ഒപ്പം ലൊക്കേഷൻ പെർമിഷൻ (Location access) അനുവദിക്കുക.

ഘട്ടം 6: ആപ്പിലെ 'MY HP' എന്ന സെക്ഷനില്‍ പോയി 'LPG' എന്നത് തിരഞ്ഞെടുക്കുക.

ഘട്ടം 7: അവിടെ കാണുന്ന 'e-KYC' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിബന്ധനകളുടെ പേജ് ദൃശ്യമാകും.

ഘട്ടം 8: നിബന്ധനകള്‍ ശ്രദ്ധാപൂർവ്വം വായിച്ച്‌ സമ്മതം നല്‍കിയ ശേഷം 'Capture Face' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം 9: ഇതോടെ ആധാർ ഫേസ് ആർഡി ആപ്പ് തുറന്നുവരും. സ്ക്രീനില്‍ കാണിക്കുന്ന നിർദേശങ്ങള്‍ പാലിച്ച്‌ മുഖം സ്കാൻ ചെയ്യുന്നതോടെ എച്ച്‌ പി ഗ്യാസ് ഇ കെവൈസി വിജയകരമായി പൂർത്തിയാകും.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.