ന്യൂഡൽഹി: ഇന്ധനക്ഷാമവും പൂഴ്ത്തിവയ്പും തടയുന്നതിന് വ്യാവസായിക വാണിജ്യ സ്ഥാപന ഉപഭോക്താക്കള്‍ റീട്ടെയില്‍ പെട്രോള്‍ പമ്പുകളില്‍നിന്ന് ഇന്ധനം വാങ്ങുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഏർപ്പെടുത്തിയ വിലക്ക് ജൂലായ് ഒന്ന് ബുധനാഴ്ച്ച മുതൽ നീക്കും.
വ്യാവസായിക, വാണിജ്യ ഉപഭോക്താക്കൾ റീട്ടെയിൽ പമ്പുകളിൽനിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞുകൊണ്ടും ഒരു വാഹനത്തിന് പ്രതിദിനം പരമാവധി 200 ലിറ്റർ ഡീസൽ മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ടും ജൂൺ 12നാണ് പെട്രോളിയം മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്.
അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം മൂലം ബൾക്ക് ഡീസൽ വിലയേക്കാൾ ലിറ്ററിന് ഏകദേശം 40 രൂപയോളം കുറവായിരുന്നു റീട്ടെയിൽ പമ്പുകളിൽ ലഭ്യമായിരുന്ന ഇന്ധനത്തിന്. ഇതേത്തുടർന്ന് വൻകിട വ്യാവസായിക ഉപഭോക്താക്കളും ഗതാഗത ഓപ്പറേറ്റർമാരും കൂട്ടത്തോടെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ റീട്ടെയിൽ ഔട്ട്ലെറ്റുകളെ ആശ്രയിക്കാൻ തുടങ്ങിയതാണ് നിയന്ത്രണത്തിലേക്ക് നയിച്ചത്.
പശ്ചിമേഷ്യൻ പ്രതിസന്ധി നീങ്ങിയതും ആഗോള തലത്തിൽ എന്ന വില കുറഞ്ഞതുമാണ് നിയന്ത്രണം നീക്കാൻ കാരണം. സമാനമായി വാണിജ്യ എൽപിജിക്ക് ഏർപ്പെടുത്തിയ നിയന്ത്രണവും കേന്ദ്ര സർക്കാർ നേരത്തേ നീക്കിയിരുന്നു.

