പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കെഎസ്ആർടിസി സ്‌ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യഘട്ടം ഓർഡിനറി ബസുകളിൽ

 


തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്‌ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യ യാത്ര ആദ്യഘത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രം. ആദ്യ 100 ദിനം പരീക്ഷണാടിസ്‌ഥാനത്തിൽ ഓർഡിനറിയിൽ മാത്രം നടപ്പാക്കും. അതിനുശേഷം മറ്റു ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ധാരണ.

പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തുന്നതിനും അന്തിമ തീരുമാനം എടുക്കുന്നതിനുമായി ഗതാഗത മന്ത്രി സിപി. ജോൺ മുഖ്യമന്ത്രി വിഡി. സതീശനുമായി ഇന്ന് നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. യുഡിഎഫ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിലൊന്നായ പദ്ധതി, ഈമാസം 15 മുതൽ പ്രാബല്യത്തിൽ വരുത്താനാണ് ലക്ഷ്യമിടുന്നത്.

കെഎസ്ആർടിസിക്കുള്ള നഷ്‌ടം നികത്തുന്നത് പഠിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഫാസ്‌റ്റ് പാസഞ്ചർ ഉൾപ്പടെയുള്ള ഉയർന്ന ശ്രേണിയിലുള്ള ബസുകളിലും ദീർഘദൂര സർവീസുകളിലും തുടക്കത്തിലേ സൗജന്യ യാത്ര അനുവദിക്കുന്നത് വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾക്കും വരുമാന നഷ്‌ടത്തിനും കാരണമാകുമെന്ന് കെഎസ്ആർടിസി വിദഗ്‌ധ സമിതി വിലയിരുത്തുന്നു.

ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ പദ്ധതിയുടെ ആദ്യ 100 ദിവസങ്ങളിൽ ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര പരിമിതപ്പെടുത്താൻ തീരുമാനിച്ചത്. ഇതിന്റെ പ്രായോഗികതയും സാമ്പത്തിക വശങ്ങളും വിശദമായി പഠിച്ചതിന് ശേഷം കൂടുതൽ ബസുകളിലേക്ക് പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കാനാണ് ധാരണ.

സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതോടെ ടിക്കറ്റ് വരുമാനത്തിൽ ഉണ്ടാകുന്ന നഷ്‌ടം പൂർണമായും സർക്കാർ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കുമ്പോൾ പ്രതിമാസം ഏകദേശം 57 കോടി രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആർടിസി കണക്കാക്കുന്നത്. ഈ സാമ്പത്തിക നഷ്‌ടം എങ്ങനെ നികത്താമെന്നും എങ്ങനെ ഫണ്ട് കണ്ടെത്താമെന്നും വിശദമായി പഠിച്ച് റിപ്പോർട് സമർപ്പിക്കാനാണ് ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുള്ളത്.

പത്തുമുതൽ 12 ലക്ഷത്തോളം സ്‌ത്രീകൾ പ്രതിദിനം കെഎസ്ആർടിസി ബസുകളിൽ സഞ്ചരിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. പദ്ധതി നടപ്പാക്കുന്നതോടെ കൂടുതൽ വനിതകൾ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് ഗതാഗതമന്ത്രി സിപി. ജോൺ പറഞ്ഞു. എല്ലാ സ്‌ത്രീകൾക്കും സൗജന്യ യാത്ര അനുവദിക്കും. എപിഎൽ, ബിപിഎൽ വ്യത്യാസമുണ്ടാകില്ല. ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യ യാത്ര അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിക്കുന്നത് വടക്കൻ ജില്ലകളിൽ കാര്യമായ പ്രയോജനം ചെയ്യില്ലെന്ന പരാതി ഇതിനോടകം ഉയർന്നിട്ടുണ്ട്. ഓർഡിനറി സർവീസുകൾ കുറഞ്ഞ ഈ ജില്ലകളിലെ സ്‌ത്രീകൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കണമെങ്കിൽ ഫാസ്‌റ്റ് പാസഞ്ചർ ബസുകളിലും യാത്രാ സൗജന്യം അനുവദിക്കണമെന്ന ആവശ്യം ശക്‌തമാണ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.