പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മാടായിപ്പാറയെ ഇങ്ങനെ നശിപ്പിക്കല്ലേ;ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും തള്ളുന്നു

 



മാടായിപ്പാറയെ മലിനപ്പെടുത്തുന്ന പ്രവർത്തനങ്ങൾ തുടരുമ്പോഴും പരിഹാര നടപടികളില്ല. കൊട്ടിയൂർ ഉത്സവസീസണായതിനാൽ കർണ്ണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് നിരവധിപേരാണ് ക്ഷേത്രദർശനത്തിനായെത്തുന്നത്. ഇവിടെയെത്തുന്നവർ മാടായിക്കാവിലും ദർശനം നടത്തിയാണ് മടങ്ങുന്നത്.

​വലിയ ടൂറിസ്റ്റ് ബസ്, ടെമ്പോ ട്രാവലർ ഉൾപ്പെടെയുള്ള വാഹനങ്ങളിലെത്തുന്നവർ മാടായിപ്പാറയിൽ വാഹനം നിർത്തി ആഹാരം കഴിച്ചശേഷം ഭക്ഷണാവശിഷ്ടങ്ങളും, പ്ലാസ്റ്റിക് മാലിന്യവും ഉൾപ്പെടെ പാറയുടെ വിവിധ ഭാഗങ്ങളിൽ വലിച്ചെറിയുന്നു.

​ദേവസ്വത്തിന് കീഴിലുള്ളതാണ് മാടായിപ്പാറ. വേനൽക്കാലത്ത് വിവാഹം, പിറന്നാൾ ആഘോഷങ്ങൾ നടത്താനുള്ള കേന്ദ്രമാക്കി മാറ്റുന്നതിനെതിരെ മാടായിപ്പാറ സംരക്ഷണ സമിതി ഉൾപ്പെടെ ഇടപെടൽ നടത്തിയിരുന്നു. പാറയുടെ ജൈവവൈവിധ്യവും മനോഹാരിതയും നോക്കാതെ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുകയാണ്. പരിസ്ഥിതി ദിനത്തിലും പിറ്റേ ദിവസങ്ങളിലുമായി പാറയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ശുചീകരണം നടത്തിയിരുന്നു. എന്നാൽ, അതുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ലെന്ന രീതിയിലാണ് മാലിന്യം തള്ളുന്നത്.

​ഭക്ഷണം കഴിക്കാൻ കൊണ്ടുവരുന്ന പാത്രം, പ്ലാസ്റ്റിക് കുപ്പികൾ, സഞ്ചി എന്നിവയും ഭക്ഷണാവശിഷ്ടങ്ങളുമാണ് വലിച്ചെറിയുന്നത്. ഭക്തർ കൊണ്ടുവരുന്ന ആഹാരസാധനങ്ങൾ കഴിച്ചശേഷം എവിടെയെങ്കിലും വലിയ ചാക്കുകളിലാക്കി ഇട്ടുവെച്ചാൽ പഞ്ചായത്ത് ജീവനക്കാർക്കും മറ്റും നീക്കാൻ എളുപ്പമാകും. എന്നാൽ, അലക്ഷ്യമായി പാറയിൽ തള്ളിക്കളയുന്ന മാലിന്യം മഴവെള്ളത്തോടൊപ്പം ഒഴുകിപ്പോകുന്നതും കാറ്റിൽ പാറിക്കളിക്കുന്നതും വലിയ ദുരിതമായി മാറി. ക്ഷേത്രദർശനത്തിനെത്തുന്ന അന്യസംസ്ഥാനക്കാരായ ഭക്തജനങ്ങൾക്ക് ബന്ധപ്പെട്ട അധികൃതർ മാർഗനിർദേശം നൽകേണ്ടതുണ്ട്. ഇക്കാര്യത്തിൽ പോലീസും പഞ്ചായത്തും ദേവസ്വം അധികൃതരും കൂടുതൽ ജാഗ്രത കാണിക്കണമെന്ന ആവശ്യം ശക്തമാണ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.