കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരായി ടി. വീണ. 29ന് ഹാജരാകണം എന്നായിരുന്നു നേരത്തെ വീണയോട് ഇഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇന്നലെ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകൾ ഇഡിക്ക് ലഭിച്ചിരുന്നു.
നേരത്തെ, കോടതി ഉത്തരവ് വന്നെങ്കിലും എസ്എഫ്ഐഒയിൽ നിന്ന് രേഖകൾ ലഭിക്കാൻ താമസം നേരിട്ടിരുന്നു. ഇന്നലെയാണ് രേഖകൾ കൈമാറിയത്. ഇതിന് പിന്നാലെയാണ് വീണയെ ചോദ്യം ചെയ്യുന്നത്. ഈ രേഖകൾ കൂടി മുൻനിർത്തിയായിരിക്കും വീണയുടെ ചോദ്യം ചെയ്യൽ.
കഴിഞ്ഞ 17ന് വീണയെ എട്ടുമണിക്കൂറോളം ഇഡി ചോദ്യം ചെയ്‌തിരുന്നു. എന്നാൽ, അന്ന് ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. മാത്രമല്ല, മൊഴികളിൽ ചില പൊരുത്തക്കേടുകളും ഉള്ളതായി ഇഡിക്ക് സംശയം ഉണ്ടായിരുന്നു. ശേഖരിച്ച രേഖകളും വീണ നൽകിയ മൊഴികളും തമ്മിൽ അന്തരമുണ്ടെന്നാണ് സൂചന.
വീണാ വിജയൻ മാനേജിങ് ഡയറക്‌ടറായ എക്‌സാലോജിക്ക് സൊല്യൂഷൻസ് സേവനമൊന്നും നൽകാതെ സിഎംആർഎൽ കമ്പനിയിൽ നിന്ന് 2.78 കോടി രൂപ കൈപ്പറ്റിയെന്നും ഇവരുടെ സഹോദര സ്‌ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്ന് 50 ലക്ഷം രൂപ വായ്‌പയായി നേടിയെന്നുമാണ് ഇഡിയുടെ കേസ്. ഈ തുക കള്ളപ്പണ നിരോധന നിയമപ്രകാരം കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണത്തിന്റെ പരിധിയിൽ വരുമെന്നാണ് ഇഡിയുടെ വാദം.

