തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ സംസ്ഥാനത്തെ സ്കൂളുകള്‍ക്കായുള്ള ഔദ്യോഗിക അക്കാദമിക് കലണ്ടർ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
വിദ്യാഭ്യാസ വകുപ്പിന്റെ വരും വർഷത്തെ അക്കാദമിക് പ്രവർത്തനങ്ങള്‍, വിവിധ പരീക്ഷകള്‍, സ്കൂള്‍ അവധികള്‍, പ്രാക്ടിക്കല്‍ പരീക്ഷകള്‍, മാതൃകാ പരീക്ഷകള്‍, വാർഷിക പരീക്ഷകള്‍ എന്നിവയെല്ലാം കൃത്യമായി ഉള്‍പ്പെടുത്തിയാണ് കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി സതീശനും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനും ചേർന്നാണ് പുതിയ അക്കാദമിക് കലണ്ടർ പ്രകാശനം ചെയ്തത്. എല്‍പി സ്കൂളുകളിലെ ശനിയാഴ്ച പ്രവൃത്തി ദിനം ഒഴിവാക്കിയിട്ടുണ്ട്.
യുപി, എച്ച്‌എസ് വിഭാഗങ്ങളില്‍ അഞ്ച് ശനിയാഴ്ചകള്‍ അധിക പ്രവൃത്തി ദിനങ്ങളായിരിക്കും. ആഗസ്ത് 10 മുതല്‍ 21 വരെയായിരിക്കും ഓണ പരീക്ഷ. ആഗസ്ത് 21ന് ഓണാവധിക്ക് സ്കൂള്‍ അടയ്ക്കും. ആഗസ്ത് 31നായിരിക്കും അവധിക്ക് ശേഷം സ്കൂള്‍ തുറക്കുന്നത്. ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 10ന് തുടങ്ങി 18ന് അവസാനിക്കും. ഡിസംബര്‍ 18നാണ് ക്രിസ്മസ് അവധിക്ക് സ്കൂള്‍ അടയ്ക്കുക. ഡിസംബര്‍ 28ന് സ്കൂള്‍ തുറക്കും.പ്ലസ് ടൂ പ്രാക്ടിക്കല്‍ പരീക്ഷ- 2027 ജനുവരി 20 മുതലും എസ്‌എസ്‌എല്‍സി പരീക്ഷകള്‍- 2027 മാർച്ചിലും നടക്കും. പ്ലസ് വണ്‍, പ്ലസ് ടൂ പരീക്ഷകള്‍- മാർച്ച് 2 ന് ആരംഭിച്ച് 29ന് അവസാനിക്കും.

