കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തുന്ന അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തിന് കോടതി സ്‌റ്റേ അനുവദിച്ചില്ല. ഇഡി അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.
കേസിൽ അടിയന്തരമായി ഇടപെടാൻ കഴിയില്ലെന്ന് വ്യക്‌തമാക്കിയ കോടതി, അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്നും ഉത്തരവിട്ടു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി നടത്തുന്ന അന്വേഷണങ്ങളും നൽകിയ സമൻസുകളും ചോദ്യം ചെയ്‌താണ് സിഎംആർഎൽ കോടതിയെ സമീപിച്ചത്.
എഫ്‌ഐആർ പോലും ഇല്ലാതെയാണ് ഇഡി അന്വേഷണം ആരംഭിച്ചതെന്നും, അന്വേഷണം പൂർണമായും അധികാര പരിധിക്ക് പുറത്താണെന്നും നിയമവിരുദ്ധമാണെന്നുമാണ് സിഎംആർഎൽ അപ്പീലിൽ പ്രധാനമായും ഉന്നയിക്കുന്ന വാദം. അതിനാൽ കോടതിയുടെ അന്തിമ ഉത്തരവ് വരുന്നതുവരെ നിലവിലെ അന്വേഷണങ്ങളും തുടർനടപടികളും നിർത്തിവെക്കണമെന്നും ഹരജിയിൽ കമ്പനി ആവശ്യപ്പെട്ടിരുന്നു.
ഒന്നരവർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് അന്വേഷണം തുടരാൻ ഇഡിക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്നും അനുകൂല ഉത്തരവ് ലഭിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പിണറായി വിജയന്റെ വസതിയിലടക്കം 12 ഇടങ്ങളിൽ ഇഡി റെയ്‌ഡ് നടത്തുകയും നിർണായക രേഖകൾ കണ്ടെടുക്കുകയും ചെയ്‌തിരുന്നു. ഇതോടെയാണ് സിഎംആർഎൽ ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി വന്നതോടെ സിഎംആർഎൽ ഉദ്യോഗസ്‌ഥരെ ചോദ്യം ചെയ്യുന്നതുൾപ്പടെയുള്ള തുടർ നടപടികളിലേക്ക് വേഗത്തിൽ കടക്കാൻ ഇഡിക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്.

