കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി ടി. വീണ. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ വീണയെ ഇഡി വിശദമായി ചോദ്യം ചെയ്യും.
ഈമാസം 12ന് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി വീണയ്‌ക്ക് നോട്ടീസ് അയച്ചിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ അറിയിച്ചതിനെ തുടർന്നാണ് ഇന്ന് ഹാജരാകാൻ നിർദ്ദേശിച്ചത്. ശക്‌തമായ സുരക്ഷയാണ് ഇഡി ഓഫീസിൽ ഒരുക്കിയിരിക്കുന്നത്.
സിഎംആർഎൽ- എക്‌സാലോജിക്ക് കേസിൽ കരിമണൽ കമ്പനിയുടെ ജോയിന്റ് മാനേജിങ് ഡയറക്‌ടർ ശരൺ എസ് കർത്ത, മാനേജിങ് ഡയറക്‌ടർ എസ്എൻ. ശശിധരൻ കർത്തയുടെ ഭാര്യയും സിഎംആർഎൽ, എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്‌റ്റ്‌മെന്റ്സ് എന്നിവയുടെ ഡയറക്‌ടറുമായ ജയ എസ്. കർത്ത എന്നിവരെ ഇഡി ഇന്നലെ ചോദ്യം ചെയ്‌തിരുന്നു.
വീണാ വിജയൻ മാനേജിങ് ഡയറക്‌ടറായ എക്‌സാലോജിക്ക് സൊല്യൂഷൻസ് സേവനമൊന്നും നൽകാതെ സിഎംആർഎൽ കമ്പനിയിൽ നിന്ന് 2.78 കോടി രൂപ കൈപ്പറ്റിയെന്നും ഇവരുടെ സഹോദര സ്‌ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്ന് 50 ലക്ഷം രൂപ വായ്‌പയായി നേടിയെന്നുമാണ് ഇഡിയുടെ കേസ്. ഈ തുക കള്ളപ്പണ നിരോധന നിയമപ്രകാരം കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണത്തിന്റെ പരിധിയിൽ വരുമെന്നാണ് ഇഡിയുടെ വാദം.

