പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഡ്രൈവിങ് ടെസ്റ്റ് രീതികളില്‍ മാറ്റം; ഇനിമുതല്‍ 'H' എടുക്കുമ്പോള്‍ പിൻ ക്യാമറകള്‍ നോക്കാം

 

                        

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് രീതികളില്‍ വലിയ മാറ്റങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ലൈറ്റ് മോട്ടോർ വെഹിക്കിള്‍ വിഭാഗത്തില്‍ "എച്ച്‌' എടുക്കുന്നതിനുള്ള ടെസ്റ്റ് സമയത്ത് ഇനി മുതല്‍ റിയർവ്യൂ ക്യാമറകളും സെൻസറുകളും ഉപയോഗിക്കാൻ അനുമതി നല്‍കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി.

മുൻപ് വശങ്ങളിലെയും ഉള്ളിലെയും റിയർവ്യൂ കണ്ണാടികള്‍ മാത്രം നോക്കി ടെസ്റ്റ് പൂർത്തിയാക്കണമെന്നായിരുന്നു കർശന നിയമം. കേന്ദ്ര മോട്ടോർ വാഹന നിയമത്തില്‍ വരുത്തിയ ഏറ്റവും പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് കേരളത്തിലും ഈ മാറ്റം നടപ്പിലാക്കുന്നത്.

പുതിയ സാങ്കേതികവിദ്യകള്‍ ഡ്രൈവിങ് സുഗമമാക്കുമെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം. പലപ്പോഴും 'എച്ച്‌ എടുക്കുമ്പോള്‍ വാഹനത്തിന്‍റെ പിൻഭാഗം എവിടെയാണെന്ന് മനസിലാക്കാൻ പ്രയാസപ്പെടാറുണ്ട്. പുതിയ മാറ്റത്തോടെ ഈ ടെസ്റ്റ് കൂടുതല്‍ ലളിതവും കൃത്യതയാർന്നതുമാകും.

നിലവില്‍ വിപണിയിലിറങ്ങുന്ന ഭൂരിഭാഗം ആധുനിക കാറുകളിലും കമ്പനി ഫിറ്റഡ് ആയി തന്നെ മികച്ച റിയർവ്യൂ ക്യാമറകളും സെൻസറുകളും ലഭ്യമാണ്. മാറിയ സാങ്കേതികവിദ്യയ്ക്ക് അനുസൃതമായി ഡ്രൈവിങ് ടെസ്റ്റുകളും പരിഷ്‌കരിക്കണമെന്ന ദീർഘനാളത്തെ ആവശ്യ പരിഗണിച്ചാണ് ഇപ്പോള്‍ നിയമത്തില്‍ ഇളവ് വരുത്തിയിരിക്കുന്നത്.

എങ്കിലും ഈ ഇളവുകള്‍ അനുവദിക്കുന്നതില്‍ മോട്ടോർ വാഹന വകുപ്പ് ചില പ്രധാന നിബന്ധനകളും മുന്നോട്ടുവെക്കുന്നുണ്ട്. ടെസ്റ്റില്‍ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥി പൂർണമായും ഡാഷ്‌ബോർഡിലെ ക്യാമറ ഡിസ്‌പ്ലേയില്‍ മാത്രം നോക്കി വാഹനം പിന്നോട്ട് എടുക്കാൻ പാടില്ല. പരമ്പരാഗത രീതിയിലുള്ള വശങ്ങളിലെ കണ്ണാടികളും കൃത്യമായി നിരീക്ഷിക്കുകയും, അതോടൊപ്പം ഒരു അധിക സഹായമെന്ന നിലയില്‍ മാത്രമേ റിയർവ്യൂ ക്യാമറ ഉപയോഗിക്കുകയും ചെയ്യാവൂ. പൂർണ്ണമായും ക്യാമറയെ മാത്രം ആശ്രയിച്ച്‌ ടെസ്റ്റ് നടത്തിയാല്‍ ഉദ്യോഗസ്ഥർക്ക് അത് അയോഗ്യതയായി കണക്കാക്കാനുള്ള പൂർണ അധികാരമുണ്ടായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

പുതിയ മാറ്റം ടെസ്റ്റ് ഗ്രൗണ്ടുകളില്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.