പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഇരിട്ടി, വാണിയപ്പാറയിലെ കല്ലറ തുറന്നു; ഉള്ളത് രണ്ട് മൃതദേഹങ്ങള്‍ മാത്രം: ദുരൂഹതയൊഴിയുന്നു

 


ഇരിട്ടി: വാണിയപ്പാറ ഉണ്ണിയേശു പള്ളി സെമിത്തേരിയിലെ 38-ാം നമ്പർ കല്ലറയുമായി ബന്ധപ്പെട്ട് ദിവസങ്ങളായി നിലനിന്നിരുന്ന ആശങ്കകൾക്കും ദുരൂഹതകൾക്കും ഒടുവിൽ വിരാമം. റവന്യൂ, പൊലീസ്, ഫോറൻസിക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ കല്ലറയ്ക്കുള്ളിൽ രണ്ട് മൃതദേഹങ്ങൾ മാത്രമാണുള്ളതെന്ന് സ്ഥിരീകരിച്ചു. പള്ളിയുടെ ഔദ്യോഗിക രേഖകളിൽ വ്യക്തമാക്കുന്ന രീതിയിൽ 2006-ലും 2015-ലുമായി അടക്കം ചെയ്ത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ മാത്രമാണ് ഇതിലുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.

ജൂൺ 13-നാണ് നാടകീയമായ സംഭവങ്ങളുടെ തുടക്കം. പള്ളിയിലെ 38-ാം നമ്പർ കല്ലറയിൽ പുതിയൊരു മൃതദേഹം കൂടി സംസ്കരിക്കുന്നതിനായി മുകളിലെ കോൺക്രീറ്റ് സ്ലാബ് മാറ്റിയപ്പോഴാണ് ഉള്ളിൽ അസ്വാഭാവികമായ രീതിയിൽ മറ്റൊരു ശവപ്പെട്ടി കൂടി അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. എന്നാൽ, 2015-ൽ അടക്കം ചെയ്ത ജയിംസ് എന്നയാളുടെ ശവപ്പെട്ടി കാലപ്പഴക്കത്താൽ ദ്രവിച്ചുപോവുകയും, അതിലുണ്ടായിരുന്ന മൃതദേഹാവശിഷ്ടങ്ങൾ പുറത്തേക്ക് വരികയും ചെയ്തതാണ് ഉള്ളിൽ മൂന്നാമതൊരു അവശിഷ്ടം കൂടിയുണ്ടെന്ന സംശയത്തിന് ഇടയാക്കിയതെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി.

സാധാരണഗതിയിൽ ഒരേ കല്ലറയിൽ വീണ്ടും സംസ്കാരം നടത്തുമ്പോൾ പഴയ അവശിഷ്ടങ്ങൾ മാറ്റി മരപ്പൊടിയിട്ട് പട്ടുവിരിച്ച ശേഷമാണ് പുതിയ പെട്ടി വെയ്ക്കാറുള്ളത്. എന്നാൽ ഇവിടെ അവശിഷ്ടങ്ങൾ ചിതറിക്കിടന്നതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. പള്ളി രേഖകൾ പ്രകാരം 2006-ൽ അടക്കം ചെയ്ത മറിയക്കുട്ടി, 2015-ൽ അടക്കം ചെയ്ത ജയിംസ് എന്നിവരുടെ മൃതദേഹങ്ങൾ മാത്രമാണ് ഈ കല്ലറയിലുള്ളത്. രേഖകളിൽ ഇല്ലാത്ത മൂന്നാമതൊരു അജ്ഞാത മൃതദേഹം കൂടി ഉണ്ടെന്ന സംശയം ഉയർന്നതോടെ പള്ളി വികാരിയും വിശ്വാസികളും പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് സെമിത്തേരിക്ക് ചുറ്റും ടാർപോളിൻ കെട്ടി മറച്ച് പൊലീസ് കാവൽ ഏർപ്പെടുത്തി. തലശ്ശേരി ആർ.ഡി.ഒ, പേരാവൂർ ഡി.വൈ.എസ്.പി, ഫോറൻസിക് വിദഗ്ധർ, പൊലീസ് സർജൻ എന്നിവരടങ്ങിയ പ്രത്യേക സംഘം ഒൻപത് സാക്ഷികളുടെ സാന്നിധ്യത്തിലാണ് കല്ലറ തുറന്ന് പരിശോധിച്ചത്.

കല്ലറയിൽ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹം ശക്തമായതോടെ, പന്ത്രണ്ട് വർഷം മുൻപ് കോഴിക്കോട് വിലങ്ങാട് നിന്നും കാണാതായ സിജോ സ്കറിയ എന്ന യുവാവിന്റേതാണോ ഈ അവശിഷ്ടങ്ങൾ എന്ന സംശയവുമായി അദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് കോഴിക്കോട് നിന്നുള്ള പൊലീസ് സംഘം പള്ളിയിലെത്തി വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. എന്നാൽ സിജോയ്ക്ക് വാണിയപ്പാറയുമായി യാതൊരു ബന്ധവുമില്ലെന്നും കല്ലറയിലുള്ളത് അദ്ദേഹമാകാൻ വഴിയില്ലെന്നും സിജോയുടെ ഭാര്യ നിഖില നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഔദ്യോഗിക പരിശോധനാ ഫലം പുറത്തുവന്നതോടെ ഈ അഭ്യൂഹങ്ങൾക്കും പൂർണ്ണമായും തിരശ്ശീല വീണു.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.