വിജയുടെ സത്യപ്രതിജ്ഞ ഇന്ന്. ദിവസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചതത്വത്തിന് വിരാമമായി. ഇന്ന് രാവിലെ 10 ന് ചെന്നൈയിലെ ജവഹർ ലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടനും ടി വി കെ അധ്യക്ഷനുമായ വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വിജയ് യേ മുഖ്യമന്ത്രിയായ നിയമിച്ചുകൊണ്ടുള്ള വാർത്തക്കുറിപ്പ് ലോക്ഭവൻ പുറത്തിറക്കി. വി സി കെ യുടെയും മുസ്ലിം ലീഗിന്റെയും പിന്തുണ കത്തോട് കൂടിയാണ് വിജയ് ഇന്ന് ലോകഭവനിലെത്തി ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചത്.
നേരത്തെ കേവല ഭൂരിപക്ഷം ഇല്ല എന്ന് പറഞ്ഞു സത്യപ്രതിജ്ഞ വൈകിപ്പിക്കാൻ ശ്രമിച്ച ഗവർണറുടെ നിലപാടിനെതിരെ വിമർശനം ശക്തമായിരുന്നു. സി പി ഐ എം, സി പി ഐ തുടങ്ങിയ പാർട്ടികളുടെ എം എൽ എ മാർ ഉൾപ്പെടെ 120 പേരുടെ പിന്തുണയാണ് ടിവികെ യ്ക്കുള്ളത്. സുസ്ഥിരമായ സർക്കാരിന് വേണ്ടി നിരുപാധികമായ പിന്തുണയാണ് ഇടതുപാർട്ടികൾ നൽകിയിരിക്കുന്നത്.
മന്ത്രിസഭയുടെ പുറത്തുനിന്ന് പിന്തുണക്കാനാണ് ഇടതുപാർട്ടികളുടെ തീരുമാനം.
അതേസമയം ഡി എം കെ യുടെ മുന്നണിവിട്ടു ടി വി കെ സഖ്യ ത്തിന്റെ ഭാഗമായ കോൺഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി എം കെ സ്റ്റാലിൻ രംഗത്ത് എത്തി. എന്നാൽ മുന്നണി മര്യാദ പാലിക്കുകയും തമിഴ്നാട്ടിലെ പ്രത്യേക സാഹചര്യത്തിൽ ടി വി കെ യെ പുറത്തുനിന്നു പിന്തുണക്കുകയും അവകാശ പോരാട്ടത്തിൽ ഡി എം കെ യോടൊപ്പം ഉണ്ടാകുമെന്ന് നിലപാട് എടുത്ത ഇടത്പാർട്ടികളുടെ തീരുമാനത്തെ സ്റ്റാലിൻ സ്വാഗതം ചെയ്തു.

