കൊച്ചി: പിഴ തുക പകുതിയായി കുറച്ച് കേസുകള്‍ അവസാനിപ്പിക്കാൻ ഇ-ചെലാൻ അദാലത്തിലൂടെ സർക്കാർ അവസരം നല്‍കിയിരുന്നെങ്കിലും, എഐ ക്യാമറ വഴി നിയമ ലംഘനം കണ്ടെത്തി പിഴ ലഭിച്ചവരില്‍ പകുതിയിലധികം ആളുകള്‍ ഇത് പ്രയോജനപ്പെടുത്തിയില്ലെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
എഐ ക്യാമറ കണ്ടെത്തിയ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് അര ലക്ഷത്തിലേറെ പേരാണ് ഇനിയും പിഴ അടയ്ക്കാനുള്ളത്.
ഇത്രയും വലിയ ഇളവ് നല്‍കിയിട്ടും പിഴ അടയ്ക്കാൻ തയ്യാറാകാത്തവരുടെ വാഹനങ്ങള്‍ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. ബ്ലാക്ക് ലിസ്റ്റിലായാല്‍ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ്, ടാക്സ് അടക്കമുള്ള സേവനങ്ങള്‍ ലഭിക്കില്ല. പഴയ പിഴ തുക മുഴുവനായും അടച്ച് തീർത്താല്‍ മാത്രമേ വാഹനങ്ങളെ ബ്ലാക്ക് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കൂ. അദാലത്ത് അവസാനിച്ച സാഹചര്യത്തില്‍ ഇനി പിഴ തുകയില്‍ ഇളവ് ലഭിക്കില്ലെന്നും, നിയമ നടപടികള്‍ കൂടുതല്‍ കർശനമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കമെന്നും അധികൃതർ അറിയിച്ചു.

