കണ്ണൂർ ചാലാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും തകർത്തുള്ള മോഷണം വ്യാഴാഴ്ച പുലർച്ചെ ഏകദേശം രണ്ടുമണിയോടെയാണ് നടന്നത്. ഇതിൽ ഏകദേശം 20,000 രൂപയോളം നഷ്ടപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ട്.
ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്ത് അകത്ത് കടന്ന മോഷ്ടാവ്, സുരക്ഷാ ജീവനക്കാരനെ മുറിയിൽ പൂട്ടിയിട്ട ശേഷം വഴിപാട് കൗണ്ടറിലെ പണവും മേശവലിപ്പിലെ പണവും മോഷ്ടിച്ചു. പ്രധാന ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് വഴിപാട് കൗണ്ടറിനടുത്തുള്ള ഭണ്ഡാരം തകർത്ത് വീണ്ടും പണം കവർന്നു. പിൻവശത്തെ ഭണ്ഡാരത്തിന്റെ പൂട്ട് പൊളിക്കുന്നതിനിടെ പുറത്തുവന്ന സുരക്ഷാ ജീവനക്കാരനുമായി ഏറ്റുമുട്ടിയ മോഷ്ടാവ്, ജീവനക്കാരനെ തള്ളിമാറ്റി മതിൽ ചാടി രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവരികയും, മോഷ്ടാവിന്റെ രണ്ട് ടോർച്ചുകൾ ക്ഷേത്രത്തിനകത്ത് നിന്ന് കണ്ടെത്തുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

