കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് ഇന്ന് അവസാനമായേക്കും. വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഡല്‍ഹിയിലേക്ക് വിളിപ്പിച്ച മുന്‍ കെപിസിസി അധ്യക്ഷന്മാരും മുതിര്‍ന്ന നേതാക്കളും വര്‍ക്കിംഗ് പ്രസിഡന്റുമാരുമായി ഹൈക്കമാന്‍ഡ് ഉടന്‍ ചര്‍ച്ച നടത്തും.
മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ പാര്‍ട്ടിയ്ക്കുള്ളിലും മുന്നണിയിലും അതൃപ്തി ശക്തമാകുന്നതിനാല്‍, ഇനി പ്രഖ്യാപനം വൈകേണ്ടെന്നാണ് ധാരണ. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദമുന്നയിക്കുന്ന കെ സി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും പ്രതീക്ഷയിലാണ്.
കെ സുധാകരന്‍, കെ മുരളീധരന്‍, വി എം സുധീരന്‍, ഷാഫി പറമ്പില്‍,എ പി അനില്‍കുമാര്‍,പിസി വിഷ്ണുനാഥ്,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ രാഹുല്‍ഗാന്ധിയുമായും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും ആശയവിനിമയം നടത്തും. മുഖ്യമന്ത്രിയെ സംബന്ധിച്ച സംസ്ഥാനത്തെ പൊതുവികാരം വിലയിരുത്താന്‍ ഹൈക്കമാന്‍ഡ് കേരളത്തിലേക്ക് അയച്ച രഹസ്യനിരീക്ഷകര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും.

