രാജ്യത്ത് പ്ലാസ്റ്റിക് കറൻസി നോട്ടുകള്‍ പുറത്തിറക്കാനുള്ള നീക്കവുമായി റിസർവ് ബാങ്ക്. പോളിമർ അടിസ്ഥാനത്തിലുള്ള നോട്ടുകള്‍ പുറത്തിറക്കുന്നതിനെക്കുറിച്ച് ആർബിഐയുടെ സമീപകാല ബോർഡ് യോഗങ്ങളില്‍ ചർച്ച നടന്നതായാണ് റിപ്പോർട്ടുകള്‍.
ഉടൻ തന്നെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം പത്ത് രൂപയും ഇരുപത് രൂപയും മൂല്യമുള്ള നോട്ടുകളായിരിക്കും പോളിമർ കറൻസിയായി പുറത്തിറക്കുക. നിലവില്‍ കോട്ടണ്‍ അധിഷ്ഠിത പേപ്പറിലാണ് നോട്ടുകള്‍ നിർമിക്കുന്ത്. നാലു വർഷം കഴിയുമ്പോഴേക്കും പേപ്പർ മുഷിയുന്നത പതിവാണ്.
2024-25 സാമ്പത്തിക വർഷത്തില്‍ മാത്രം 2380 കോടി നോട്ടുകളാണ് മുഷിഞ്ഞതിനെ തുടർന്ന് റിസർവ് ബാങ്ക് പിൻവലിച്ചത്. പ്രധാനമായും നൂറ് രൂപയും അഞ്ഞൂറ് രൂപയും മൂല്യമുള്ള നോട്ടുകളാണ് കൂടുതല്‍ നാശമാകുന്നത്.പോളിമർ നോട്ടുകള്‍ ഇറക്കുന്നതോടെ കള്ളനോട്ട് വ്യാപകമാകുന്നതും കുറയ്ക്കാൻ സാധിക്കും. കൂടാതെ ദീർഘകാലം ഉപയോഗിക്കാനാകുന്നതിനാല്‍ നോട്ടടിച്ചിലിനുള്ള ചെലവും കുറയ്ക്കാൻ സാധിക്കും.

