പയ്യന്നൂർ: പയ്യന്നൂരിന്റെ സ്വപ്നപദ്ധതിയായ പുതിയ ബസ് സ്റ്റാൻഡ് നിർമാണം ഇനിയും വൈകും. ബസ് സ്റ്റാൻഡ് യാർഡ് നിർമാണത്തിന്റെയും ശൗചാലയ ബ്ലോക്ക് നിർമാണത്തിന്റെയും കാലാവധി കരാറുകാർക്ക് നീട്ടിനൽകി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് (യു.എൽ.സി.സി.എസ്.) വെള്ളിയാഴ്ച ചേർന്ന നഗരസഭാ കൗൺസിൽ യോഗം കാലാവധി ദീർഘിപ്പിച്ചു നൽകിയത്. മറുനാടൻ തൊഴിലാളികൾ ഉൾപ്പെടെ കൂട്ടത്തോടെ നാട്ടിൽപോയ സാഹചര്യത്തിലാണ് നിർവഹണ ഏജൻസി പ്രവൃത്തിയുടെ കാലാവധി ദീർഘിപ്പിച്ചുതരണമെന്ന് ആവശ്യപ്പെട്ടതെന്ന് നഗരസഭാധ്യക്ഷൻ ശശിധരൻ കെ.വി അറിയിച്ചു. ബസ് സ്റ്റാൻഡ് നിർമാണത്തിന്റെ മെല്ലെപ്പോക്കിനെതിരെ പ്രതിപക്ഷ കൗൺസിലർമാരായ വി.കെ.പി. ഇസ്മായിൽ, എ.കെ.ശ്രീജ എന്നിവർ യോഗത്തിൽ സംസാരിച്ചു.
*'പുതിയ' ബസ് സ്റ്റാൻഡ്*
29 വർഷം മുൻപാണ് പുതിയ ബസ് സ്റ്റാൻഡിനുവേണ്ടി നഗരസഭയ്ക്ക് സൗജന്യമായി 5.49 ഏക്കർ സ്ഥലം ലഭിച്ചത്. പ്രവൃത്തി തുടങ്ങിയെങ്കിലും പിന്നീട് പലകാരണങ്ങൾകൊണ്ടും മുടങ്ങി. നഗരസഭയുടെ തനത് ഫണ്ടിൽനിന്നാണ് 4.5 കോടി രൂപ ബസ് സ്റ്റാൻഡ് യാർഡിനും 50 ലക്ഷം രൂപ ശൗചാലയ ബ്ലോക്ക് നിർമാണത്തിനും അനുവദിച്ചത്. ഊരാളുങ്കൽ സൊസൈറ്റി കരാറെടുത്തു. 2025 മാർച്ചിൽ രണ്ടാംഘട്ട നിർമാണ പ്രവൃത്തി ഉദ്ഘാടനവും നടന്നു. എന്നാൽ ചതുപ്പ് പ്രദേശമായതിനാൽ മണ്ണിന്റെ സ്വഭാവമനുസരിച്ച് മെക്കാഡം ടാറിങ് നടത്തിയാൽ ഇളകിപ്പോകുമെന്നത് വിഷയമായി. യാർഡ് കോൺക്രീറ്റ് ചെയ്യാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു. പ്രവൃത്തി തുടങ്ങിയെങ്കിലും മെല്ലെപ്പോക്കായിരുന്നൂ ഫലം.
നിലവിൽ ഒരുഭാഗത്ത് സൂപ്പർ സ്ട്രക്ചറിന്റെ (ചുറ്റുമതിൽ) അടിത്തറ (ഫൗണ്ടേഷൻ) കഴിഞ്ഞു. മറുഭാഗത്ത് തുടങ്ങിയിട്ടുണ്ട്. ചതുപ്പ് നിലമായതിനാൽ നിലവിലുള്ള തറയിൽനിന്ന് ഒന്നരയടി പൊങ്ങും. അതുൾപ്പെടെ ചെയ്യാനുണ്ട്. എങ്കിൽ മാത്രമേ 'പുതിയ' ബസ് സ്റ്റാൻഡ് ഒരുങ്ങൂ.

