പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഫിഫ ലോകകപ്പിനുള്ള ബ്രസീൽ സ്ക്വാഡിൽ നെയ്മർ തിരിച്ചെത്തി

 


സാവോപോളോ: ഫുട്ബോൾ ആരാധകർ നാളുകളായി കാത്തിരുന്ന ആ ഔദ്യോഗിക പ്രഖ്യാപനമെത്തി. ഫിഫ ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ സൂപ്പർ താരം നെയ്മർ ജൂനിയർ ഇടംനേടി. ബ്രസീൽ ദേശീയ ടീമിന്‍റെ മുഖ്യപരിശീലകൻ കാർലോ ആഞ്ചലോട്ടി പ്രഖ്യാപിച്ച 26 അംഗ അന്തിമ സ്ക്വാഡിലാണ് 34-കാരനായ നെയ്മർ തിരിച്ചെത്തിയിരിക്കുന്നത്. ഇതോടെ നെയ്മറുടെ ലോകകപ്പ് പങ്കാളിത്തത്തെക്കുറിച്ച് നിലനിന്നിരുന്ന ആശങ്കകൾക്കാണ് വിരാമമായത്.

2023 ഒക്ടോബറിലാണ് നെയ്മർ അവസാനമായി ബ്രസീൽ ജേഴ്സിയിൽ കളിച്ചത്. അതിനുശേഷം പരുക്കുകളോടും ഫിറ്റ്നസ് പ്രശ്നങ്ങളോടും നിരന്തരം പോരാടിയ താരം പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തതിനാലാണ് ടീമിലേക്ക് പരിഗണിച്ചതെന്ന് ആഞ്ചലോട്ടി വ്യക്തമാക്കി. ടീമിൽ മികച്ചൊരു പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കാൻ നെയ്മറുടെ സാന്നിധ്യത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നെയ്മറുടെ കരിയറിലെ നാലാമത്തെ ലോകകപ്പാണിത്. 79 ഗോളുകളോടെ ബ്രസീലിന്‍റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ കൂടിയാണ് നെയ്മർ.

നെയ്മറിനൊപ്പം വിനീഷ്യസ് ജൂനിയർ, എൻഡ്രിക്, റഫീഞ്ഞ, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരടങ്ങുന്നതാണ് ബ്രസീലിന്‍റെ ശക്തമായ ആക്രമണനിര. മധ്യനിരയിൽ കാസിമിറോയ്ക്കൊപ്പം ബ്രൂണോ ഗിമാരസ്, ഫാബിഞ്ഞോ, പാക്വേറ്റ എന്നിവരും, പ്രതിരോധത്തിൽ മാർക്വിഞ്ഞോസ്, ഗബ്രിയേൽ മഗൽഹേസ് എന്നിവരും അണിനിരക്കും. ലോകകപ്പിൽ ഗ്രൂപ്പ് സി-യിലാണ് ബ്രസീൽ മത്സരിക്കുന്നത്. മൊറോക്കോ, ഹെയ്തി, സ്കോട്ട്ലൻഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ജൂൺ 14-ന് മൊറോക്കോയ്ക്കെതിരെയാണ് ബ്രസീലിന്‍റെ ആദ്യ പോരാട്ടം.

ഫിഫ ലോകകപ്പിനുള്ള ബ്രസീല്‍ സ്ക്വാഡ്:


 ഗോൾകീപ്പർമാർ: അലിസൺ, എഡേഴ്സൺ, വെവർട്ടൺ.


 പ്രതിരോധനിര: അലക്സ് സാൻഡ്രോ, ഡാനിലോ, ലിയോ പെരേര, ബ്രെമർ, ഇബാനസ്, വെസ്ലി, മാർക്വിഞ്ഞോസ്, ഗബ്രിയേൽ മഗൽഹേസ്, ഡഗ്ലസ് സാന്റോസ്.


 മധ്യനിര: ബ്രൂണോ ഗിമാരസ്, കാസിമിറോ, ഡാനിലോ സാന്റോസ്, ഫാബിഞ്ഞോ, ലൂക്കാസ് പക്വേറ്റ.


 ആക്രമണനിര: നെയ്മർ ജൂനിയർ, വിനീഷ്യസ് ജൂനിയർ, എൻഡ്രിക്, ഗബ്രിയേൽ മാർട്ടിനെല്ലി, ഇഗോർ തിയാഗോ, മാത്യൂസ് കുൻഹ, റഫീഞ്ഞ, ലൂയിസ് ഹെൻറിക്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.