പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

അഭിനയത്തില്‍ തുടരണം, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ല'; ജഗദീഷ്

 


ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് നടന്‍ ജഗദീഷ്. ഏറ്റെടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ സമീപിച്ചിരുന്നു. അഭിനയത്തില്‍ തന്നെ തുടരാനാണ് താത്പര്യം. 24 മണിക്കൂറും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അങ്ങനെ ഒരു സ്ഥാനം ഏറ്റെടുക്കൂ.

തന്നെ പരിഗണിച്ചതില്‍ വലിയ അഭിമാനം. യോഗ്യരായ പലരും സിനിമ മേഖലയില്‍ തന്നെ ഉണ്ട്. താനാരുടേയും പേര് നിര്‍ദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ മാറിയ പശ്ചാത്തലത്തിലാണ് റസൂല്‍ പൂക്കുട്ടി രാജിക്കത്ത് കൈമാറിയത്. പദവികള്‍ വേണ്ടെന്ന് ജഗദീഷ് പറയുന്നുണ്ടെങ്കിലും ചര്‍ച്ചയില്‍ പേരുണ്ട്.

റസൂല്‍ പൂക്കുട്ടിയോട് സ്ഥാനത്ത് തുടരണമെന്ന നിര്‍ദേശം യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. ചെയര്‍മാന്‍ സ്ഥാനത്തേക്ക് പല പേരുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. സലീം കുമാര്‍, ജഗദീഷ്, ദീപു കരുണാകരന്‍, പ്രിയങ്ക നായര്‍ എന്നിവരുടെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് ചര്‍ച്ച ചെയ്യുന്നുണ്ട്.

റസൂല്‍ പൂക്കുട്ടി സ്ഥാനമൊഴിഞ്ഞതോടെ സര്‍ക്കാരിന് പുതിയ ചെയര്‍മാനെ അക്കാദമിയില്‍ നിയമിക്കേണ്ടതുണ്ട്. നേരത്തെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച നടന്‍ ജഗദീഷ്, കോണ്‍ഗ്രസ് അനുഭാവം എന്നും പരസ്യമാക്കുന്ന നടന്‍ സലീംകുമാര്‍, പ്രൊഫഷണല്‍ കോണ്‍ഗ്രസ് തലപ്പത്തുള്ള സംവിധായകന്‍ ദീപു കരുണാകരന്‍, ഇത്തവണ പല കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി പ്രചാരണത്തില്‍ സജീവമായ നടി പ്രിയങ്ക നായര്‍ എന്നിവരുടെ പേരുകള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

ചലച്ചിത്ര മേളയിലെ സ്ഥിരം പ്രേക്ഷന്‍ കൂടിയാണ് സിനിമാ സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥ്. മുഖ്യമന്ത്രിയുടെ കൂടി താല്‍പര്യം അറിഞ്ഞാകും നിയമനം. പുറത്താക്കപ്പെട്ട പ്രേംകുമാറിന്റ പേരും പരിഗണിക്കണമെന്ന ആവശ്യം കൂടി ഉയരുന്നുണ്ട്.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.