മാട്ടൂൽ: ബാങ്കിൽ വ്യാജ സ്വർണ്ണ വളകൾ പണയം വെച്ച് 12.68 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രാദേശിക കോൺഗ്രസ് നേതാവിനെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. പഴയങ്ങാടി മാട്ടൂൽ മടക്കര സ്വദേശിയും കോൺഗ്രസ് നേതാവുമായ കുപ്പുരയിൽ ഹൗസിൽ ജാഫർ സ്വാദിഖ് (43) നെതിരെയാണ് കേസെടുത്തത്.
കേരള ഗ്രാമീൺ ബാങ്കിന്റെ മാട്ടൂൽ ശാഖയിലാണ് തട്ടിപ്പ് നടന്നത്. 2026 മാർച്ച് 23 മുതൽ മെയ് 16 വരെയുള്ള കാലയളവിൽ നാല് തവണകളിലായി 16 വ്യാജ സ്വർണ്ണ വളകൾ പണയം വെച്ച് പ്രതി 12,68,000 രൂപ കൈക്കലാക്കുകയായിരുന്നു.
ബാങ്ക് മാനേജർ സിൻഷ ബി നമ്പ്യാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ബാങ്കിൽ നടത്തിയ ആഭ്യന്തര പരിശോധനയിൽ പണയം വെച്ച വളകൾ സ്വർണ്ണമല്ലെന്ന് കണ്ടെത്തിയതോടെയാണ് അധികൃതർ പരാതി നൽകിയത്. ഒരു രാഷ്ട്രീയ നേതാവ് തന്നെ ഇത്തരമൊരു സാമ്പത്തിക തട്ടിപ്പിൽ ഉൾപ്പെട്ടത് പ്രദേശത്ത് വലിയ ചർച്ചയായിട്ടുണ്ട്.
പഴയങ്ങാടി എ.എസ്.ഐ രാജീവൻ ടി. കേസ് രജിസ്റ്റർ ചെയ്യുകയും സബ് ഇൻസ്പെക്ടർ പ്രദീപ് കെ.വി. അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

