ന്യൂഡെൽഹി: തമിഴ്‌നാട്ടിൽ കന്നി മൽസരത്തിനിറങ്ങിയ വിജയ്‌യുടെ ടിവികെ (തമിഴക വെട്രി കഴകം) ഭരണത്തിലേക്ക്. തുടക്കം മുതൽ വ്യക്‌തമായ ലീഡ് ഉയർത്തിയാണ് ടിവികെ ഭരണം ഉറപ്പിക്കുന്നത്. ഭരണകക്ഷിയായ ഡിഎംകെ മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 111 സീറ്റുകളിലാണ് ടിവികെ കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്.
71 സീറ്റുകളോടെ എഡിഎംകെ രണ്ടാം സ്‌ഥാനത്ത് ലീഡ് ചെയ്യുന്നുണ്ട്. 57 സീറ്റിലാണ് ഡിഎംകെ മുന്നേറുന്നത്. മണ്ഡലമായ കൊളത്തൂരിൽ മുഖ്യമന്ത്രി സ്‌റ്റാലിൻ പുറകിലാണ്. ടിവികെ പ്രവർത്തകർ പാർട്ടി ആസ്‌ഥാനത്ത് ആഘോഷം ആരംഭിച്ചു.
ബംഗാളിൽ 15 വർഷം നീണ്ടുനിന്ന തൃണമൂൽ ഭരണത്തിന് അന്ത്യം കുറച്ചുകൊണ്ട് ബിജെപിക്ക് ലീഡ്. കേവല ഭൂരിപക്ഷം മറികടന്ന് ബിജെപി ബംഗാളിൽ 194 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. അസമിലും ബിജെപിയുടെ കുതിപ്പാണ്. 97 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ബിജെപി ക്യാമ്പുകളിൽ ആഘോഷം തുടങ്ങിയിട്ടുണ്ട്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ സ്വന്തം മണ്ഡലമായ ജാലുക്കബരിയിൽ ജയത്തോടെ ഹാട്രിക് നേട്ടം സ്വന്തമാക്കും.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ബിജെപി വിജയിച്ചു. പുതുച്ചേരിയിൽ നിലവിലെ മുഖ്യമന്ത്രി എൻ. രംഗസ്വാമി വിജയിച്ചു. തട്ടാൻചാവടി മണ്ഡലത്തിൽ കോൺഗ്രസിന്റെ വി. വൈത്തലിംഗത്തെയാണ് പരാജയപ്പെടുത്തിയത്.
തമിഴ്‌നാട്ടിൽ 234, ബംഗാളിൽ 294, അസമിൽ 126, പുതുച്ചേരിയിൽ 30 എന്നിങ്ങനെ 824 മണ്ഡലങ്ങളാണുള്ളത്. ഇതിൽ ബംഗാളിലെ ഫാൽത്ത മണ്ഡലത്തിലെ വോട്ടെണ്ണൽ 24നെ നടക്കൂ. ഗുരുതര ക്രമക്കേടുകൾ നടന്നുവെന്ന പരാതികളെ തുടർന്ന് 21ന് ഇവിടെ റീപോളിങ് പ്രഖ്യാപിച്ചിട്ടുണ്ട്.

