എടക്കാട്: നടാലിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കണ്ണൂർ താണയിലെ കൈരളി എൻജിനീയറിങ് സ്ഥാപനത്തിലെ മെക്കാനിക്കും അണ്ടലൂർ കാവിന് സമീപത്തെ ‘ശ്രീ ശ്രാവൺ’ ഹൗസിൽ താമസക്കാരനുമായ ദിനേശൻ (61) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോകുന്ന വഴിയായിരുന്നു അപകടം. നടാലിന് സമീപത്തുവെച്ച് ദിനേശൻ സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ നാട്ടുകാർ ചേർന്ന് അദ്ദേഹത്തെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മേലൂരിലെ പരേതരായ കൃഷ്ണന്റെയും ജാനുവിന്റെയും മകനാണ് ദിനേശൻ. ഭാര്യ: ശ്രീജ. മക്കൾ: മൃദുൽ, അമൃത്. സഹോദരിമാർ: ഉഷ, രാധ, സുധ, പരേതയായ നിർമ്മല.

