കാസർഗോഡ്: എളേരിത്തട്ടിൽ പാമ്പുകടിയേറ്റ് ചികിൽസയിൽ ആയിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ട് കുറുവാട്ടെ ശരത്-അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. കുട്ടി കണ്ണൂരിലെ ആശുപത്രിയിൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
വീടിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. കഴിഞ്ഞ ഞായറാഴ്‌ച ആയിരുന്നു സംഭവം. മൂർഖൻ പാമ്പാണ് കുട്ടിയെ കടിച്ചിരുന്നത്. ഉടൻ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കുടുംബത്തിന്റെ ആവശ്യപ്രകാരം കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഇവിടെ ചികിൽസയിൽ തുടരവെയാണ് മരണം. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സംസ്‌ഥാനത്ത് 83 പേർക്ക് പാമ്പുകടിയേറ്റെന്നാണ് കണക്കുകൾ. ഒമ്പത് കേസുകളാണ് ഇന്നലെ റിപ്പോർട് ചെയ്‌തത്. പാമ്പ് കടിയേറ്റതായി സംശയിക്കുന്ന 15 കേസുകളും റിപ്പോർട് ചെയ്‌തു. 108 ആംബുലൻസ് സർവീസ് വഴിയുള്ള കണക്കാണിത്.

