സിഗരറ്റ് വാങ്ങാന്‍ ഇനി കൈ കത്തും. സിഗരറ്റ് പ്രേമികള്‍ക്ക് ഷോക്ക് നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രമുഖ സിഗരറ്റ് നിര്‍മാതാക്കളായ ഐ.ടി.സിയും ഗോഡ്‌ഫ്രെ ഫിലിപ്‌സും മേയ് മുതല്‍ 17 ശതമാനം വരെ വില വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുകവലിക്കാര്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് ഇക്കാര്യം. സിഗരറ്റ് പ്രേമികള്‍ വിലവര്‍ധനവിനോട് എങ്ങനെ പ്രതികരിക്കുമെന്നത് കാത്തിരുന്നുകാണേണ്ടതാണ്.
ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് സിഗരറ്റ് വില മുമ്പ് കൂട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വില കൂടാന്‍ പോകുന്നത്. പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് പുറമെ സാധാരണ ബ്രാന്‍ഡുകള്‍ക്കും വില വര്‍ധനവ് ഉണ്ടായേക്കും. ഐ.ടി.സിയുടെ ഗോള്‍ഡ് ഫ്‌ലേള്ക്, കിംഗ്‌സ്, ഗോഡ്‌ഫ്രെ ഫിലിപ്‌സിന്റെ മാല്‍ബെറോ തുടങ്ങിയ ബ്രാന്‍ഡുകള്‍ ഏറെ ജനപ്രിയമാണ്. വില സംബന്ധിച്ച് കമ്പനികള്‍ പുതിയ തീരുമാനം നടപ്പാക്കുന്നതോടെ ഇവയുടെ വില ഉയരും.
ഫെബ്രുവരി ഒന്നുമുതല്‍ സിഗരറ്റുകളുടെ എക്‌സൈസ് ഡ്യൂട്ടിയില്‍ 30-40 ശതമാനം വര്‍ധനവാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. ഇതേത്തുടര്‍ന്ന് സിഗരറ്റ് നിര്‍മാണ കമ്പനികള്‍ തങ്ങളുടെ വിവിധ ബ്രാന്‍ഡുകള്‍ക്ക് വില കൂട്ടി. വില കൂട്ടിയതിനു പിന്നാലെ സിഗരറ്റ് വില്‍പ്പനയില്‍ 20 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. വില കൂടിയതോടെ സ്ഥിരം പുകവലിക്കാരില്‍ ഒട്ടേറെപേര്‍ തങ്ങളുടെ പതിവ് ബ്രാന്‍ഡുകള്‍ ഒഴിവാക്കി വില കുറഞ്ഞ മറ്റു ബ്രാന്‍ഡുകളിലേക്ക് മാറിയയെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതേസമയം മേയ് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന പറയുന്ന വില വര്‍ധനവ് സംബന്ധിച്ച് സിഗരറ്റ് കമ്പനികള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

