54 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം. നാസയുടെ ആര്‍ട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ചരിത്രം കുറയ്ക്കാനായി നാലംഗ സംഘമാണ് ഓറൈണ്‍ പേടകത്തിലുള്ളത്. യാത്രയില്‍ നാല് പേര്‍ക്കും കൂട്ടായി ഒരു അഞ്ചാമനും ഉണ്ട്. റൈസ് എന്ന ചെറു പാവ. അതിനകത്ത് നേരത്തെ രജിസ്റ്റര്‍ ചെയ്ത 56 ലക്ഷം മനുഷ്യരുടെ പേരടങ്ങിയ മെമ്മറി കാര്‍ഡും ഉള്‍പ്പെടും. ഈ മാസം ആറിന് പേടകം ലക്ഷ്യസ്ഥാനത്തെത്തും. ദൗത്യം നീളുക പത്ത് ദിവസം.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.05 നായിരുന്നു വിക്ഷേപണം. ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ 39 ബി വിക്ഷേപണത്തറയില്‍ നിന്നാണ് ചന്ദ്രനെ തേടിയുള്ള മനുഷ്യന്റെ യാത്ര അരനൂറ്റാണ്ടിന് ശേഷം പുനരാരംഭിച്ചത്.
1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷമാണ് മറ്റൊരു ദൗത്യം നടക്കുന്നത്. മിഷന്‍ കമാന്‍ഡര്‍ നാസയുടെ റീഡ് വൈസ്മാന്‍, മിഷന്‍ പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ നാസയുടെ ക്രിസ്റ്റീന കോച്ച്, കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയുടെ ജറെമി ഹാന്‍സന്‍ എന്നിവരാണ് പേടകത്തിലുള്ളത്.
ആദ്യ 2 ദിവസം കൊണ്ട് 2 തവണ ഭൂമിയെ വലം വച്ച ശേഷം ചന്ദ്രനെ ലക്ഷ്യമാക്കി ഒറയോണ്‍ പേടകം പറക്കും. ഏപ്രില്‍ 6ന് ചന്ദ്രന്റെ ഭ്രമണപഥത്തില്‍. ഒരു ഘട്ടത്തില്‍ മനുഷ്യരുമായി ഒരു ബഹിരാകാശ യാനവും ചെന്നിട്ടില്ലാത്ത അത്രയും ദൂരത്തിലേക്ക് ഒറയോണെത്തും. ഒരു തവണ ചന്ദ്രനെ വലം വച്ച ശേഷം ഏപ്രില്‍ 10 ന് ഭൂമിയിലേക്ക് മടക്കം. പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ ചെയ്യുന്നതോടെ ദൗത്യം പൂര്‍ണം.
ക്രിസ്റ്റീന കോച്ചിലൂടെ ഒരു സ്ത്രീ ഭാ?ഗമാകുന്ന ചരിത്രത്തിലെ ആദ്യ ചാന്ദ്ര ദൗത്യത്തിന് കൂടിയാണ് ലോകം സാക്ഷ്യം വഹിച്ചത്. ദൗത്യം വിജയമായാല്‍ പിന്നെ എല്ലാ കണ്ണുകളും ആര്‍ട്ടെമിസ് നാലിലേക്കാണ്. മനുഷ്യനെ ചന്ദ്രനില്‍ വീണ്ടും ഇറക്കുകയെന്ന നിര്‍ണായക ദൗത്യത്തിനായി ലോകം കാത്തിരിക്കുകയാണ്. അതിവിദൂര താരകാനിലയം തേടിയുള്ള മനുഷ്യന്റെ യാത്രകള്‍ക്ക് ആര്‍ട്ടിമിസ് 2 കരുത്താകുകയാണ്.

