പയ്യന്നൂർ: പയ്യന്നൂർ ടൗണിലും സമീപപ്രദേശങ്ങളിലും തെരുവുനായ ശല്യം അതിരൂക്ഷമാകുന്നു. ടൗണിലെ പ്രധാന റോഡുകളിലും സ്ഥാപനങ്ങൾക്ക് മുന്നിലും നായകൾ കൂട്ടമായി അലഞ്ഞുതിരിയുന്നത് കാൽനട യാത്രക്കാരെയും നാട്ടുകാരെയും വലിയ ഭീതിയിലാഴ്ത്തുകയാണ്. വ്യാപാരസ്ഥാപനങ്ങൾ, ആശുപത്രി, സർക്കാർ ഓഫീസുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം നായകളുടെ ശല്യം രൂക്ഷമാണ്. രാത്രികാലങ്ങളിൽ പഴയ ബസ്‌സ്റ്റാൻഡിലടക്കം തെരുവുനായകൾ വിഹരിക്കുകയാണ്.
പയ്യന്നൂർ ടൗണിലെ വിവിധ സ്കൂൾ പരിസരങ്ങൾ,പയ്യന്നൂർ ഗവ. ആശുപത്രി പരിസരം,മൂരിക്കൊവ്വൽ,തായിനേരി കുറിഞ്ഞി ക്ഷേത്രത്തിന് സമീപം,പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രപരിസരം
എന്നിവയാണ് നായ ശല്യം രൂക്ഷമായ പ്രധാന ഇടങ്ങൾ.
യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണി:
രാത്രിയും പുലർച്ചെയും യാത്ര ചെയ്യുന്നവരാണ് നായകളുടെ ആക്രമണ ഭീഷണി കൂടുതലായി നേരിടുന്നത്. പ്രഭാതസവാരിക്കാർ, പാൽ-പത്ര വിതരണക്കാർ, അതിരാവിലെ ജോലിക്ക് പോകുന്നവർ എന്നിവർ വലിയ ഭയത്തോടെയാണ് പുറത്തിറങ്ങുന്നത്. ഇരുചക്രവാഹന യാത്രക്കാരെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ഓടിക്കുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കൂടാതെ, പ്രദേശത്തെ വളർത്തുമൃഗങ്ങളെയും ഇവ ആക്രമിക്കുന്നുണ്ട്.
തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ അടിയന്തരമായി തയ്യാറാകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. ഇതിനായി തെരുവുനായകളുടെ വന്ധ്യംകരണ പദ്ധതി (ABC പ്രോഗ്രാം) പയ്യന്നൂരിൽ എത്രയും വേഗം കാര്യക്ഷമമായി നടപ്പാക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.

