തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളില്‍ മഴ സാധ്യത കണക്കിലെടുത്ത് പ്രത്യേക ജാഗ്രത പ്രഖ്യാപിച്ചു.
മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളിലും നേരിയ മഴ ലഭിച്ചേക്കും.
ഇടിമിന്നല്‍ ജാഗ്രതാ നിർദ്ദേശങ്ങള്‍:
ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ പൊതുജനങ്ങള്‍ക്കായി ദുരന്തനിവാരണ അതോറിറ്റി കർശന നിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു:
വൈദ്യുതോപകരണങ്ങള്‍: മിന്നലുള്ള സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
സുരക്ഷിതമായിരിക്കുക: ജനലും വാതിലും അടച്ചിടണം. ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ കെട്ടിടത്തിനകത്ത് തന്നെ തുടരുക.
തുറസ്സായ സ്ഥലങ്ങള്‍: കാറ്റും മിന്നലുമുള്ളപ്പോള്‍ ജനലിനോ വാതിലിനോ സമീപം നില്‍ക്കരുത്.

