പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

തമിഴ്‌നാട്ടിൽ പടക്ക നിർമാണ യൂണിറ്റിൽ വൻ സ്‌ഫോടനം; 19 മരണം, ഒട്ടേറെപ്പേർക്ക് പരിക്ക്

 


ചെന്നൈ: തമിഴ്‌നാട് വിരുദുനഗറിൽ പടക്ക നിർമാണ യൂണിറ്റിൽ വൻ സ്‌ഫോടനം. 19 പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ ആറുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. മൃതദേഹങ്ങൾ ചിന്നിച്ചിതറി തിരിച്ചറിയാനാകാത്ത നിലയിലാണ്.

കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാൻ അഗ്‌നിരക്ഷാസേന തിരച്ചിൽ നടത്തുകയാണ്. സ്‌ഫോടന സമയത്ത് 30ലധികം ജീവനക്കാർ ജോലിയിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. വിദുരനഗറിനടുത്തുള്ള കട്ടനാർപട്ടിയിൽ പ്രവർത്തിക്കുന്ന വനജ പടക്ക നിർമാണ ശാലയിലാണ് ഇന്ന് അപകടമുണ്ടായത്.

പത്തുകിലോമീറ്റർ അകലെവരെ സ്‌ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. സ്‌ഫോടന ശബ്‌ദം കേട്ട ഉടൻ ചില ജീവനക്കാർ ഓടിരക്ഷപ്പെട്ടു. ശിവകാശി, സാത്തൂർ, വിരുതുനഗർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്‌നിരക്ഷാസേനാ യൂണിറ്റുകൾ സ്‌ഥലത്ത്‌ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

പത്തിലധികം മുറികളുള്ള നിർമാണശാലയുടെ നാല് മുറികൾ സ്‌ഫോടനത്തിൽ പൂർണമായും തകർന്നു. മുത്തുമാണിക്കം എന്നയാളിന്റെ ഉടമസ്‌ഥതയിലുള്ള ഈ സ്‌ഥാപനം സാധാരണ ഞായറാഴ്‌ച പ്രവർത്തിക്കാറില്ല. എന്നാൽ, തിരഞ്ഞെടുപ്പ് പ്രമാണിച്ച് 23ആം തീയതി അവധി നൽകേണ്ടതിനാൽ ഇന്ന് പ്രവർത്തിക്കുകയായിരുന്നു.

സംഭവം അതീവ ദുഃഖകരമാണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ. സ്‌റ്റാലിൻ പറഞ്ഞു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും മേൽനോട്ടം വഹിക്കാനും ദുരിതബാധിതരായ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും മന്ത്രിമാരോട് ഉടൻ സംഭവ സ്‌ഥലത്ത്‌ എത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. എസ്‌പി. ശ്രീനാഥ്‌ സ്‌ഥലം സന്ദർശിച്ച് സ്‌ഥിതിഗതികൾ വിലയിരുത്തി. കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.