കണ്ണൂർ:രണ്ടരകിലോ ചെറുനാരങ്ങ നൂറ് രൂപയ്ക്ക് കിട്ടിയിരുന്നിടത്ത് ഇപ്പോൾ കിട്ടുന്നത് അരക്കിലോ. അതായത് കിലോയ്ക്ക് 200 രൂപ.
വേനൽക്കാലം ചുട്ടുപൊള്ളിച്ച് തുടങ്ങിയതോടെയാണ് ചെറുനാരങ്ങ വില കുതിച്ച് ഉയർന്നത്. ഒരു മാസം മുൻപ് 70 രൂപയ്ക്കും 100 രൂപയ്ക്കും ഇടയിലായിരുന്നു ചെറുനാരങ്ങ വില.
വേനൽ കടുത്തതോടെ നാരങ്ങയ്ക്ക് ആവശ്യക്കാർ കൂടിയതും വരവ് കുറഞ്ഞതുമാണ് വില കൂടാൻ ഇടയാക്കിയത്.
വിഷുത്തലേന്ന് 180 രൂപയുണ്ടായിരുന്ന നാരങ്ങവില ഒരാഴ്ച പിന്നിടും മുൻപ് തന്നെ 200-ലെത്തി. വരും ദിവസങ്ങളിൽ വില കൂടാനുള്ള സാധ്യതയാണ് വ്യാപാരികൾ പങ്കുവെക്കുന്നത്.
അയൽസംസ്ഥാനമായ കർണാടകയിൽ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് ചെറുനാരങ്ങ എത്തുന്നത്. വേനൽച്ചൂട് കൂടിയതോടെ ശീതള പാനീയ കടകളിൽ ഇപ്പോൾ തിരക്ക് കുറഞ്ഞ നേരമില്ല.
ശീതളപാനീയങ്ങളിൽ പ്രിയം നാരങ്ങ വെള്ളത്തിന് തന്നെയാണ്. ഇതും നാരങ്ങ വിലയിൽ പ്രതിഫലിച്ച് കാണാം.

