പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂരിനെ വിടാതെ മഞ്ഞപ്പിത്തം; മൂന്നുമാസം 876 കേസുകള്‍

 


             

                                                                                        

കണ്ണൂർ: ജില്ലയില്‍ ഈ വർഷം ആദ്യ മൂന്നുമാസങ്ങളില്‍ മാത്രം റിപ്പോർട്ട് ചെയ്തത് 876 മഞ്ഞപ്പിത്ത കേസുകള്‍.മാർച്ച്‌ മാസത്തില്‍ 333 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 25 പേർ രോഗം ബാധിച്ച്‌ ചികിത്സ തേടിയെന്നാണ് കണക്ക്.

ശ്രീകണ്ഠാപുരം നഗരസഭ , ചിറ്റാരിപ്പറമ്പ്, കൂടാളി, കുന്നോത്ത്പറമ്പ് , പെരിങ്ങോം , പാട്യം , ചിറക്കല്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് ഈ വർഷം ഏറ്റവും കൂടുതല്‍ മഞ്ഞപ്പിത്ത രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

രോഗവ്യാപനം ഏറ്റവും കൂടുതല്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ശ്രീകണ്ഠപുരം നഗരസഭയിലാണ്. അറുപത് കേസുകളാണ് കൂട്ടുമുഖം പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ മാത്രം ഈ വർഷം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.വ്യക്തി ശുചിത്വമില്ലായ്മയാണ് രോഗ വ്യാപനം വർദ്ധിക്കുന്നതിന്റെ കാരണമായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

മലിനജലം കുടിക്കുകയോ പാചകം ചെയ്യാനായി ഉപയോഗിക്കുകയോ ചെയ്യുന്നതുവഴി വൈറല്‍ അസുഖമായ മഞ്ഞപ്പിത്തം പടരാം. അസുഖബാധിതരുടെ മലത്തിലൂടെ വൈറസ് പുറത്തേക്ക് കടക്കുന്നത് വഴിയും മലം കലർന്ന ജലം ഉപയോഗിക്കുന്നതിലൂടെയും രോഗ വ്യാപനത്തിന് സാദ്ധ്യത കൂടുതലാണ്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച്‌ 14 മുതല്‍ 22 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.


ലക്ഷണങ്ങള്‍:


പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി തുടങ്ങിയവ പ്രാരംഭ ലക്ഷണങ്ങള്‍. ശരീരത്തിലെ ബിലിറൂബിന്റെ അളവ് വർദ്ധിച്ച്‌ കണ്ണിന്റെ വെള്ള, ത്വക്ക്, മൂത്രം എന്നിവയ്ക്കു കടുത്ത മഞ്ഞനിറം അനുഭവപ്പെടും. ഛർദി, വിശപ്പില്ലായ്മ എന്നിവയുള്ളതിനാല്‍ രോഗിക്ക് കടുത്ത ക്ഷീണവുമുണ്ടാകും. മഞ്ഞപ്പിത്തത്തിന്റെ തോത് കൂടുന്തോറും ലിവർ എൻസൈമുകളും ശരീരത്തില്‍ വർധിക്കും. രോഗം മാരകമാകുകയാണെങ്കില്‍ അത് തലച്ചോറിനെയും കരളിനെയും ബാധിക്കാം. മഞ്ഞപ്പിത്തം വന്നാല്‍ ഉടൻ ആരോഗ്യ വിദഗ്ധരെ കണ്ട് ചികിത്സ ഉറപ്പാക്കുക. ഇല്ലെങ്കില്‍ ജീവന് തന്നെ ഭീഷണിയാണ്.


ചികിത്സയില്‍ ശ്രദ്ധ വേണം:


ചികിത്സയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. പ്രാദേശികമായ ചികിത്സകളില്‍ രോഗിയെ വീണ്ടും ഛർദിപ്പിക്കുകയും നിരാഹാരം അനുഷ്ഠിക്കാൻ രോഗിയോട് ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. ഇത് അശാസ്ത്രീയമാണ്. രോഗിക്കു തുടർച്ചയായ വിശ്രമം ആവശ്യമാണ്. ധാരാളം വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. വൈറല്‍ അസുഖമായതിനാല്‍ രോഗിയുടെ രോഗലക്ഷണങ്ങള്‍ അറിഞ്ഞുള്ള ചികിത്സയാണു നല്‍കേണ്ടത്.


തദ്ദേശസ്ഥാപനം- രോഗികളുടെ എണ്ണം:


ശ്രീകണ്ഠപുരം നഗരസഭ 60

ചിറ്റാരിപ്പറമ്പ് 51

കൂടാളി 43

കുന്നോത്തുപറമ്പ് 29

പെരിങ്ങോം 30

പാട്യം36

ചിറക്കല്‍24


തളിപ്പറമ്പ് പോയ വർഷങ്ങളിലെ ഹോട്ട് സ്പോ‌ട്ട്:

2024ന്റെ അവസാനത്തിലും 2025ന്റെ തുടക്കത്തിലും കണ്ണൂർ തളിപ്പറമ്പില്‍ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) പടർന്നുപിടിച്ചിരുന്നു, ഇത് നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കടുത്ത ജാഗ്രതയ്ക്ക് കാരണമായി. 2024 മേയില്‍ ആരംഭിച്ച്‌ 340ലധികം കേസുകളാണ് ഇവിടെ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ട്യൂഷൻ സെന്റർ വിദ്യാർത്ഥികളിലേക്കും പരിസരപ്രദേശങ്ങളിലുള്ളവരിലേക്കും രോഗം പടരുകയും ചെയ്തു. മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആരോഗ്യവകുപ്പ് കർശന നടപടികള്‍ സ്വീകരിച്ചു.പോയവർഷം മഞ്ഞപ്പിത്തം ബാധിച്ച്‌ സഹോദരങ്ങളടക്കം മരിച്ചതും തളിപ്പറമ്പിലായിരുന്നു.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.