തിരുവനന്തപുരം: ശസ്‌ത്രക്രിയാ പിഴവുകൾ സംഭവിച്ചാൽ ഇനിമുതൽ കർശന നടപടി. ശസ്‌ത്രക്രിയാ പിഴവുകൾ കുറയ്‌ക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കർശനമായ നിർദ്ദേശങ്ങളാണ് മാർഗരേഖയിൽ ഉള്ളത്.
ശസ്‌ത്രക്രിയാ വിവരങ്ങൾ അടങ്ങിയ റിസ്‌റ്റ് ബാൻഡ് രോഗികളുടെ കൈയിൽ ധരിപ്പിക്കണം, ശസ്‌ത്രക്രിയക്ക് മുമ്പ് തന്നെ ഈ ബാൻഡ് ധരിപ്പിക്കണം. ശസ്‌ത്രക്രിയ നടത്തേണ്ട ശരീരഭാഗം ഏതാണെന്ന് ഇതിൽ രേഖപ്പെടുത്തണം. ഓപ്പറേഷൻ തിയേറ്ററിൽ യാതൊരു കാരണവശാലും മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല.
ശസ്‌ത്രക്രിയക്ക് മുമ്പ് ഡോക്‌ടറും നഴ്‌സും രോഗിയുടെ ഐപി നമ്പർ, കേസ് റെക്കോർഡ് എന്നിവ പൂർത്തിയാക്കണം. വാർഡ് ഡോക്‌ടറും നഴ്‌സ് ഇൻ-ചാർജും പ്രീ ഓപ്പറേറ്റീവ് ചെക്ക്‌ലിസ്‌റ്റ് പൂരിപ്പിച്ചു ഒപ്പിടണം. തിയേറ്ററിന്റെ ചുമതലയുള്ള നഴ്‌സിങ് ഓഫീസർ ഇത് വായിച്ചു ഒപ്പിടണം. ഇതിന് ശേഷം മാത്രമേ രോഗിയെ തിയേറ്ററിനകത്തേക്ക് പ്രവേശിപ്പിക്കാൻ പാടുള്ളൂ.
ശസ്‌ത്രക്രിയാ ഉപകരണങ്ങൾ, ഉപയോഗശേഷം നശിപ്പിക്കുന്ന ഉപകരണങ്ങൾ എന്നിവയുടെ കണക്കെടുപ്പ് നടത്തണം. ശസ്‌ത്രക്രിയക്ക് മുമ്പായി വൈറ്റ് ബോർഡിൽ ശസ്‌ത്രക്രിയാ ഉപകരണങ്ങളുടെ പേരും എണ്ണവും രേഖപ്പെടുത്തണം. ശസ്‌ത്രക്രിയ കഴിഞ്ഞശേഷം ഉപകരണങ്ങളുടെ എണ്ണം പരിശോധിച്ച ശേഷം ചെക്ക്‌ലിസ്‌റ്റ് ബന്ധപ്പെട്ട മേധാവിക്ക് കൈമാറണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.
പുതുക്കിയ മാർഗനിർദ്ദേശം നടപ്പായാൽ എന്തെങ്കിലും വീഴ്‌ച സംഭവിച്ചാൽ ആർക്കും പരസ്‌പരം പഴിചാരാൻ കഴിയില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഉപകരണങ്ങൾ ശരീരത്തിനുള്ളിൽ മറന്നുവെക്കുന്നത് ഉൾപ്പടെയുള്ള സംഭവങ്ങൾ തുടർച്ചയായി റിപ്പോർട് ചെയ്യുന്നതിന്റെ പശ്‌ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് 23 പേജുള്ള പുതിയ മാർഗരേഖ പുറത്തിറക്കിയത്.

